Sorry, you need to enable JavaScript to visit this website.

കര്‍ഷകരുടെ കടം തള്ളാതെ പ്രധാനമന്ത്രിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍

ന്യൂദല്‍ഹി- വന്‍കിട വ്യവസായികളായ ഏതാനും ചിലരുടെ കോടികളുടെ കടം എഴുതിത്തള്ളിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഇന്ത്യയിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളാതെ ഉറങ്ങാനോ വിശ്രമിക്കാനോ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയ മധ്യപ്രദേശിലും ഛത്തീസഗ്ഢിലും ആറു മണിക്കൂറിനുള്ളില്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളാനുള്ള നടപടികള്‍ പ്രഖ്യാപിച്ചു മാതൃകകാട്ടി. രാജസ്ഥാനില്‍ ഉടന്‍ പ്രഖ്യാപിക്കപ്പെടുമെന്നും പാര്‍ലമെന്റിലെത്തിയ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ വിജയം കര്‍ഷകരുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട കര്‍ഷകരുടെ ഒരു രൂപ പോലും എഴുതിത്തള്ളാന്‍ നാലര വര്‍ഷം ഭരിച്ച മോഡി സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ക്ക് വായ്പാ ഇളവുകള്‍ ലഭിക്കും. ഈ മാതൃക പിന്തുണടരാന്‍ ബി.ജെ.പിയും നിര്‍ബന്ധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാതെ മോഡിജിയെ സമാധാനത്തോടെ ഉറങ്ങാനോ വിശ്രമിക്കാനോ ഞങ്ങള്‍ അനുവദിക്കില്ല- രാഹുല്‍ പ്രഖ്യാപിച്ചു. 

പ്രധാനമന്ത്രി മോഡിയുടെ ശ്രദ്ധ വമ്പന്‍ വ്യവസായികളായ അദ്ദേഹത്തിന്റെ 15 സുഹൃത്തുക്കളില്‍ മാത്രമാണ്. കര്‍ഷകരുടെ കാര്യത്തില്‍ ഒരു ആശങ്കയും അദ്ദേഹത്തിനില്ല. മോഡി രണ്ടു തരം ഇന്ത്യക്കാരെ സൃഷ്ടിച്ചിരിക്കുന്നു. ഒരു വശത്ത് കര്‍ഷകരും പാവപ്പെട്ടവരും യുവാക്കളും ചെറുകിയ വ്യാപാരികളും മറ്റൊരു വശത്ത് 15 വന്‍ വ്യവസായികളും. ഇവരുടെ പോക്കറ്റില്‍ മോഡി ഇട്ടുകൊടുത്തത് 3,500 കോടി രൂപയാണ്- രാഹുല്‍ ആഞ്ഞടിച്ചു. നോട്ടു നിരോധനത്തെ ലോകത്തെ ഏറ്റവും വലിയ കുംഭകോണമെന്നു വിശേഷിപ്പിച്ച രാഹുല്‍ ഇത് പാവപ്പെട്ടവരുടെ പണം തട്ടി അത് സമ്പന്നര്‍ക്ക് നല്‍കാനുള്ള പദ്ധതിയായിരുന്നെന്നും ആരോപിച്ചു.

കടക്കെണിയിലകടപ്പെട്ട അനില്‍ അംബാനിക്ക് അഴിമതിയിലൂടെ പണമുണ്ടാക്കാന്‍ അവസരമൊരുക്കിയ റഫാല്‍ ഇടപാടില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതി (ജെ.പി.സി) അന്വേഷണം നടത്തണമെന്നും അതോടെ പാലു വെള്ളവും വേര്‍ത്തിരിച്ചറിയാമെന്നും രാഹുല്‍ പറഞ്ഞു.
 

Latest News