റിയാദ്- കാൻസർ ചികിത്സക്കായി വിപണിയിൽ വിറ്റഴിക്കുന്ന ആറ് ഔഷധങ്ങൾക്കെതിരെ സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ്. മന്ത്രാലയത്തിന് കീഴിലെ ഫാർമസ്യൂട്ടിക്കൽ അഫയേഴ്‌സ് വിഭാഗമാണ് ഇതു സംബന്ധിച്ച് നോട്ടീസ് പുറത്തിറക്കിയത്. ഈജിപ്ഷ്യൻ ഉത്പന്നങ്ങളെന്ന വ്യാജേനയാണ് യാതൊരു ശാസ്ത്രീയ പിൻബലവുമില്ലാത്ത ഈ ആന്റിബയോട്ടിക്കുകൾ സൗദിയിൽ എത്തിക്കുന്നത്. ലിംഫാറ്റിക് ലൂക്കോമിയക്ക് ചികിത്സിക്കുന്ന imbruvica 140 mg, zytiga എന്ന പ്രോസ്റ്റേറ്റ് കാൻസറിന്റെ അവസാന സ്റ്റേജിൽ എത്തിയ രോഗികൾക്ക് നൽകുന്ന ഔഷധങ്ങളുടെ വ്യാജ പതിപ്പും പരിശോധനയിൽ പിടിച്ചെടുത്തു. ഒറിജിനൽ imbruvica 140 mg ന്റെ വില ഈജിപ്ഷ്യൻ പൗണ്ടിലായിരിക്കും രേഖപ്പെടുത്തിയിരിക്കുക. എന്നാൽ വ്യാജനിൽ വില വിവരം പതിപ്പിച്ചിരിക്കുന്നത് യൂറോയിലാണെന്ന് നോട്ടീസിൽ വ്യക്തമാക്കി. കൂടാതെ, കാൻസർ ചികിത്സക്ക് അത്യുത്തമം എന്ന പേരിൽ ഔഷധഗുണം സ്ഥിരീകരിക്കാത്ത ഹോർമോൺ വളർച്ചക്കെന്ന പേരിലുള്ള മരുന്ന്, അയൺ, മെഗാട്രോൺ, ക്രോം സീറ്റ എന്നീ ക്യാപ്‌സൂളുകളും വിപണിയിൽ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. പർച്ചേയ്‌സ് ബിൽ ഇല്ലാത്ത മരുന്നുകൾ ഉപയോക്താക്കൾക്ക് നൽകുന്നത് ഗുരുതരമായ ശിക്ഷക്ക് കാരണമാകുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.