Sorry, you need to enable JavaScript to visit this website.

സ്റ്റാലിന്റെ പ്രഖ്യാപനം; മമതക്ക് മുറുമുറുപ്പ്‌

ന്യൂദൽഹി- മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിക്കുമെന്ന് കരുതിയിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി വിട്ടുനിന്നത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർത്തിക്കാട്ടി ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിൻ നടത്തിയ പ്രഖ്യാപനമെന്ന് സൂചന. ബി.എസ്.പി നേതാവ് മായാവതി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരും അവസാന നിമിഷം പിന്മാറിയതിന് കാരണം ഇതാണത്രെ. 
കഴിഞ്ഞ ദിവസം ചെന്നൈയിൽ ഡി.എം.കെ നേതാവ് കരുണാനിധിയുടെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിലായിരുന്നു രാഹുലിനെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടി മഹാസഖ്യം തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടത്. മൂന്ന് സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ പുറത്താക്കി കോൺഗ്രസിനെ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ചത് രാഹുലാണെന്നത് കണക്കിലെടുത്തായിരുന്നു ഇത്. നിലവിൽ കോൺഗ്രസുമായി സഹകരിക്കുന്ന മിക്ക പ്രതിപക്ഷ കക്ഷികൾക്കും ഇതിനോട് യോജിപ്പാണു താനും. എന്നാൽ ദേശീയ തലത്തിൽ സ്വന്തമായി താൽപര്യങ്ങളുള്ള മമത അതിന് തയാറല്ല. കഴിയുന്നിടത്തോളം സംസ്ഥാനങ്ങളിൽ സ്വന്തം പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന മായാവതിക്കും പ്രധാനമന്ത്രി പദത്തിൽ കണ്ണുണ്ടെന്നാണ് തലസ്ഥാനത്തെ രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അഖിലേഷ് യാദവിനാകട്ടെ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് സഖ്യത്തിൽ മേൽക്കൈ നേടുന്നതിലാണ് താൽപര്യം.
മമതയെയും മായാവതിയെയും വിട്ടുകളയാൻ പക്ഷേ കോൺഗ്രസ് ഒരുക്കമല്ല. അതുകൊണ്ടു തന്നെ രാഹുലിനെ നേതാവാക്കണമെന്ന സ്റ്റാലിന്റെ പ്രസ്താവന ഏറ്റുപിടിക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കളൊന്നും തയാറായതുമില്ല. അടുത്ത മേയിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ഞങ്ങൾ കാത്തിരിക്കുമെന്നാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഗുലാം നബി ആസാദ് സ്റ്റാലിന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിച്ചത്. 
തനിക്ക് പ്രധാനമന്ത്രിയാവണമെന്ന് രാഹുൽ ഗാന്ധി ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ പ്രതികരണം. എന്നാൽ ഇക്കാര്യം സഖ്യകക്ഷികളുമായി മുൻവിധിയൊന്നുമില്ലാതെ ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതാണ്. എങ്കിലും ജനങ്ങൾക്ക് രാഹുൽ പ്രധാനമന്ത്രിയാവുന്നതിൽ എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മമതയും മായാവതിയും സത്യപ്രതിജ്ഞക്കെത്താത്തത് ന്യായമായ കാരണങ്ങൾ കൊണ്ടാണെന്നും കമൽനാഥ് പറഞ്ഞു.
അതിനിടെ മമത ബാനർജി ബി.ജെ.പിയെയും കോൺഗ്രസിനെയും ഒഴിവാക്കിയുള്ള മറ്റൊരു ബദൽ മുന്നണിക്കുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദൾ നേതാവുമായ നവീൻ പട്‌നായിക്, ദൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രഖേശര റാവു തുടങ്ങിയവരെയാണ് മമത ലക്ഷ്യമിടുന്നത്. കൂടാതെ ഇപ്പോൾ കോൺഗ്രസിനൊപ്പം നിൽക്കുന്ന തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡു, എൻ.സി.പിയുടെ ശരദ് പവാർ തുടങ്ങിയവരെയും, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവരെയും ഭാവിയിൽ ഒപ്പം കൂട്ടാമെന്നാണ് മമതയുടെ കണക്കുകൂട്ടൽ. നരേന്ദ്ര മോഡിയും അമിത് ഷായും അധികാരത്തിൽ തിരിച്ചെത്തുന്നത് തടയാൻ എന്തും ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കെജ്‌രിവാൾ പറഞ്ഞിരുന്നു. 
മമതയുടെ നീക്കം വിജയിച്ചാൽ അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളാവും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയെ നേരിടാനുണ്ടാവുക. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ, മമതയുടെ മുന്നണി, സി.പി.എം നേതൃത്വത്തിലുള്ള ഇടതു മുന്നണി എന്നിവ.

Latest News