Sorry, you need to enable JavaScript to visit this website.

മുത്തലാഖ് ബിൽ വീണ്ടും ലോക്‌സഭയിൽ എതിർപ്പുമായി ശശി തരൂർ

ന്യൂദൽഹി - മുത്തലാഖ് ക്രമിനൽ കുറ്റമാക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിന് പകരമുള്ള ബിൽ (മുസ്‌ലിം സ്ത്രീ വിവാഹ അവകാശ സംരക്ഷണ നിയമം 2018) ഇന്നലെ വീണ്ടും ലോക്‌സഭയിൽ അവതരിപ്പിച്ചു. റഫാൽ വിഷയത്തിൽ പ്രതിപക്ഷ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് ബില്ല് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് സഭയിൽ അവതരിപ്പിച്ചത്. സുപ്രിം കോടതിയുടെ നിർദേശ പ്രകാരം കൊണ്ടുവന്ന ബില്ലാണിതെന്നും നിരവധി മുസ്‌ലിം സ്ത്രീകൾ മുത്തലാഖിന് ഇരയായതിനാലാണ് ഇത് കൊണ്ടുവന്നതെന്നും ആവർത്തിച്ചുകൊണ്ടാണ് മന്ത്രി ബില്ല് സഭയിൽ അവതരിപ്പിക്കാൻ അനുമതി തേടിയത്. എന്നാൽ കോൺഗ്രസ് അംഗം ശശി തരൂർ ബില്ലിനെ  എതിർത്തു. മുത്തലാഖ് ബില്ല് ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും ആതിനാൽ ഇത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.  ഒരു പ്രത്യേക മത വിഭാഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ബിൽ ഭരണഘടന അനുഛേദം 14ന്റെയും 21ന്റെയും ലംഘനമാണെന്നായിരുന്നു തരൂർ പറഞ്ഞത്. എന്നാൽ,  തരൂരിന്റെ എതിർപ്പുകളെ രവിശങ്കർ പ്രസാദ് തള്ളി. മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സുപ്രീം കോടതി നിർദേശ പ്രകാരമാണ് ബിൽ കൊണ്ടുവന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ദേശീയ താൽപ്പര്യവും ഭരണഘടന താൽപ്പര്യവുമാണ് ബില്ല് ഉയർത്തിപ്പിക്കുന്നതെന്നും എതിർപ്പ് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ ഇന്ന് ബിൽ പാസ്സാക്കും. 
ഇത് രണ്ടാം തവണയാണ് മുത്തലാഖ് ബിൽ   അവതരിപ്പിക്കുന്നത്. നേരത്തെ ലോക്‌സഭ പാസ്സാക്കിയിരുന്നെങ്കിലും രാജ്യസഭയിൽ പ്രതിപക്ഷ എതിർപ്പിനെത്തുടർന്ന് പാസ്സാക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് സർക്കാർ കഴിഞ്ഞ സെപ്റ്റംബർ 19ന് ബിൽ ഓർഡിനൻസായി ഇറക്കുകയായിരുന്നു. ഇതേ തുടർന്നാണ് ബിൽ ലോക്‌സഭയിൽ വണ്ടും അവതരിപ്പിച്ച് പാസ്സാക്കേണ്ടി വന്നത്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ച സാഹചര്യത്തിൽ ക്രിമിനൽ കുറ്റമാക്കേണ്ട ആവശ്യമില്ലെന്നാണ് പ്രതിപക്ഷകക്ഷികൾ ഉന്നയിക്കുന്നത്. ലോക്‌സഭയിൽ സർക്കാറിന് ബിൽ പാസാക്കാൻ കഴിഞ്ഞാലും രാജ്യസഭയിൽ പ്രതിപക്ഷ പിന്തുണയില്ലാതെ പാസാകില്ലെന്നുറപ്പാണ്.

Latest News