അൽഖർജ് - വീട്ടമ്മയെയും പെൺമക്കളെയും ബ്ലാക്ക്മെയിൽ ചെയ്ത എത്യോപ്യക്കാരിയെ അൽഖർജിൽ നിന്ന് പട്രോൾ പോലീസ് അറസ്റ്റ് ചെയ്തു. അനധികൃത താമസക്കാരിയാണ് പിടിയിലായത്. അയ്യായിരം റിയാൽ കൈമാറിയില്ലെങ്കിൽ അപകീർത്തിയുണ്ടാക്കുന്ന ഫോട്ടോകളും വീഡിയോ ക്ലിപ്പിംഗുകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതി വീട്ടമ്മയെയും മക്കളെയും ബ്ലാക്ക്മെയിൽ ചെയ്തത്.
എത്യോപ്യക്കാരി നേരത്തെ കുടുംബത്തിന്റെ വീട്ടിൽ മാസ ശമ്പളത്തിന് ജോലി ചെയ്തിരുന്നു. ഇവിടുത്തെ ജോലി അവസാനിപ്പിച്ച് അൽപ കാലത്തിനു ശേഷം പണം ആവശ്യപ്പെട്ട് വീട്ടമ്മയെ യുവതി ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നു. വീട്ടിലെ ജോലിക്കാലത്ത് റെക്കോർഡ് ചെയ്ത വീഡിയോ ക്ലിപ്പിംഗുകളും ഫോട്ടോകളും സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ അയ്യായിരം റിയാൽ കൈമാറണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതേ കുറിച്ച് വീട്ടമ്മ പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് നിർദേശാനുസരണം, ആവശ്യം അംഗീകരിക്കുന്നതായി വീട്ടമ്മ വേലക്കാരിയെ അറിയിച്ചു.
ഇതനുസരിച്ച് ധാരണപ്രകാരമുള്ള സ്ഥലത്ത് പണം കൈപ്പറ്റുന്നതിന് എത്തിയപ്പോഴാണ് യുവതിയെ പ്രദേശം വളഞ്ഞ് പോലീസുകാർ പിടികൂടിയത്. യുവതിക്കൊപ്പം എത്തിയ അനധികൃത താമസക്കാരായ രണ്ടു എത്യോപ്യക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. തുടർ നടപടികൾക്കായി മൂവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.