Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ അധികാരമേറ്റു; മധ്യപ്രദേശില്‍ കമല്‍നാഥ് കര്‍ഷകരുടെ കടം എഴുതിത്തള്ളി

ഭോപാല്‍/ജയ്പൂര്‍/റായ്പൂര്‍- രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഢിലും കോണ്‍ഗ്രസ് മുഖ്യമന്തിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥ് സ്ഥാനമേറ്റയുടന്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളി ആദ്യ തെരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റി. അധികാരമേറ്റ് 10 ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ വായ്പ എഴുത്തള്ളുമെന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനം. ഇത് വെറും രണ്ടു മണിക്കൂറിനുള്ളില്‍ നിറവേറ്റിയെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. 33 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ അനുകൂല്യം ലഭിക്കും. 70,000 കോടി രൂപയോളമാണ് ഇവരുടെ ബാധ്യത. ദേശസാല്‍കൃത, സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകളാണ് എഴുതിത്തള്ളുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു. മധ്യപ്രദേശില്‍ 15 വര്‍ഷം നീണ്ട ബി.ജെ.പി ഭരണത്തില്‍ ഏറ്റവും ദുരിതത്തിലായ വിഭാഗമാണ് കര്‍ഷകര്‍. വന്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കും സംസ്ഥാനം സാക്ഷ്യം വഹിച്ചിരുന്നു. പ്രതിഷേധിച്ച കര്‍ഷകരെ വെടിവെച്ചു കൊന്നത് ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി മുതിര്‍ന്ന നേതവ് അശോക് ഗഹ്‌ലോതും ഉപമുഖ്യമന്ത്രിയായ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു. ഛത്തീസ്ഗഢില്‍ ഭുപേഷ് ബഘേല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന നേതാക്കലായ ടി.എസ് സിങ് ദേവ്, തമ്രധ്വജ് സാഹു എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

ജയ്പൂരിലും ഭോപാലിലും റായ്പൂരിലും നടന്ന ചടങ്ങുകള്‍ പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മൂന്നിടത്തും എത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, എച്.ഡി ദേവഗൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്.ഡി കുമാരസ്വാമി, നാഷണല്‍ കോണ്‍ഫറന്‍ അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, എല്‍.ജെ.ഡി നേതാവ് ശരത് യാദവ്, ശരത് പവാര്‍, ടി.ഡി.പി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.

Latest News