മസ്കത്ത്- ഒമാനില്‍ ബ്യൂട്ടി പാര്‍ലറുകളില്‍ ജോലി വാഗ്ദാനം നല്കി യുവതികളെ കടത്തിക്കൊണ്ടു വന്ന് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച രണ്ടു കേസുകളില്‍ നാലു വിദേശ വനിതകള്‍ക്ക് ജയില്‍ ശിക്ഷയും പിഴയും വിധിച്ചതായി പബ്ലിക് പ്രൊസിക്യൂഷന് അറിയിച്ചു. പ്രവാസി വനിതകളെ ചൂഷണം ചെയ്ത് വേശ്യാവൃത്തി നടത്തിയ കേസിലാണ് ശിക്ഷ. ആദ്യ കേസില്‍ പ്രതിയായ ഒരു സ്ത്രീയെ അഞ്ചു വര്‍ഷവും മറ്റൊരു സ്ത്രീയെ മൂന്ന് വര്‍ഷവും തടവിനാണ് ശിക്ഷിച്ചത്. ഇരുവരും 5,000 ഒമാനി റിയാല്‍ പിഴയടക്കുകയും വേണം. രണ്ടാമത്തെ കേസില്‍ പ്രതികളായ രണ്ടു സ്ത്രീകള്‍ക്കും അഞ്ചു വര്‍ഷം തടവും 5,000 ഒമാനി റിയാല്‍ പിഴയും ശിക്ഷ ലഭിച്ചു. ഇവര്‍ മനുഷ്യക്കടത്ത് നടത്തിയതായി അധികൃതര്‍ പറഞ്ഞു. ബ്യൂട്ടി പാര്‍ലറുകളില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ഒമാനിലെത്തിച്ച പ്രതികള്‍ ഇവരെ പിന്നീട് ഒരു ഫ്ളാറ്റില്‍ താമസിപ്പിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. പ്രതികളുടെ മുഴുവന്‍ സമ്പാദ്യവും കണ്ടു കെട്ടണമെന്നും ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.