Sorry, you need to enable JavaScript to visit this website.

പതിമൂന്നാം വയസ്സില്‍ ഐടി കമ്പനി ഉടമയായി മലയാളി ബാലന്‍; ദുബായില്‍ നിന്ന് ഒരു അപൂര്‍വ കഥ

ദുബായ്- ഒമ്പതാം വയസ്സില്‍ സ്വന്തമായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായ ആദിത്യന്‍ രാജേഷ് എന്ന മലയാളി ബാലന്‍ ഇന്ന് ദുബായില്‍ സ്വന്തമായി ഒരു ഐടി കമ്പനി ഉടമയായിരിക്കുന്നു. തിരുവല്ലയില്‍ ജനിച്ചു വളര്‍ച്ച ആദിത്യന് ഇപ്പോള്‍ വയസ്സ് 13. ട്രൈനെറ്റ് സൊലൂഷന്‍സ് എന്ന കമ്പനി ഉടമയാണ്. മൊബൈല്‍ ആപ്ലിക്കേഷന്‍, സോഫ്റ്റ്‌വെയര്‍ ഡെവലെപ്‌മെന്റ്, ലോഗോ-വെബ്‌സൈറ്റ് ഡിസൈനിങ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണിത്. ഒരു വര്‍ഷം മാത്രം പഴക്കമുള്ള ഈ കമ്പനിക്ക് ഇപ്പോള്‍ മൂന്ന് ജോലിക്കാരുണ്ട്. 12 ഇടപാടുകാര്‍ക്ക് ഇതിനകം വിവിധ സേവനങ്ങല്‍ നല്‍കിക്കഴിഞ്ഞു. ബോറടി മാറ്റാനായി ആദിത്യന്‍ തുടങ്ങിയ കംപ്യൂട്ടര്‍ കളിയാണ് ഇപ്പോള്‍ കാര്യമായി മാറിയിരിക്കുന്നത്.

ദെയ്‌റയിലെ അബു ഹൈല്‍ എലീറ്റ് ഇംഗ്ലീഷ് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍. തിരുവല്ലയില്‍ ജനിച്ചു വളര്‍ച്ച ആദി അഞ്ചാം വയസ്സിലാണ് മാതാപിതാക്കള്‍ക്കൊപ്പം ദുബായിലെത്തുന്നത്. ഇതേ സമയത്താണ് കംപ്യൂട്ടറുമായുള്ള കളികളും തുടങ്ങുന്നത്. കുട്ടികള്‍ക്കു ടൈപ്പിങ് പരിശീലിപ്പിക്കുന്ന ബിബിസി ടൈപിങ് എന്ന വെബ്‌സൈറ്റാണ് അച്ഛന്‍ ആദ്യമായി ആദിത്യന് പരിചയപ്പെടുത്തിക്കൊടുത്തത്. ഇതോടെ താല്‍പര്യം ഐടിയോടായി. കുറച്ചു കാലം യൂട്യൂബില്‍  കാര്‍ട്ടൂണുകള്‍ കണ്ടും സപെല്ലിങ് ബീ ഗെയിംസ് കളിച്ചും സമയം ചെവഴിച്ച ആദിത്യന് പതിയെ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയോട് അടുപ്പം കൂടി വരികയായിരുന്നു. ഇതു പിന്നീട് സ്വന്തമായി മൊബൈല്‍ ആപ് നിര്‍മ്മിക്കണമെന്ന ആഗ്രഹത്തിലെത്തി. ആശീര്‍വാദ് എന്ന പേരില്‍ ഒരു ബ്രൗസറാണ് ആദ്യമായി ഉണ്ടാക്കിയത്. എന്നാല്‍ ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ അപ്ലോഡ് ചെയ്യണമെങ്കില്‍ 25 ഡോളര്‍ ഫീ അടക്കണമെന്നതിനാല്‍ ആശീര്‍വാദ് വെളിച്ചം കണ്ടില്ല. പിന്നീട് പല ആപ്പുകളും നിര്‍മ്മിച്ച് സമാന്തര ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമായ ആപ്‌റ്റോയ്ഡില്‍ അപ്ലോഡ് ചെയ്തു. ഈ ഹോബിയാണ് 2017 ഡിസംബര്‍ 17ന് ട്രൈനറ്റ് എന്ന സ്വന്തം കമ്പനി രൂപീകരണത്തില്‍ എത്തിച്ചത്.

18 വയസ്സ് പൂര്‍ത്തിയാകാത്തതിനാല്‍ ഈ കമ്പനി ഇതുവരെ ഔദ്യോഗികമായിട്ടില്ല. 18 വയസ്സ് പൂര്‍ത്തിയായല്‍ ട്രൈനെറ്റിനെ പൂര്‍ണ തോതില്‍ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്യാനാണു ആദിത്യന്റെ പദ്ധതി. എങ്കിലും ഇപ്പോള്‍ പ്രവര്‍ത്തനങ്ങളെല്ലാം ഒരു കമ്പനിയിലെ പോലെ തന്നെയാണ്. മൂന്ന് ജീവനക്കാരും ആദിത്യന്റെ സ്‌കൂളിലെ 11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളാണ്. സ്‌കൂള്‍ സമയം കഴിഞ്ഞുള്ള വേളകളിലാണ് ജോലികള്‍. വാരാന്ത്യങ്ങളിലാണ് കാര്യമായി ജോലികള്‍. ഭാവിയില്‍ ഇതൊരു ബഹുരാഷ്ട്ര കമ്പനിയായ വികസിപ്പിക്കാനാണു ഈ കൊച്ചുമിടുക്കന്റെ ആഗ്രഹം. കമ്പനിയുടെ ഒരു പ്രവര്‍ത്തനത്തിലും ഇടപെടാറില്ലെന്ന് അച്ഛന്‍ രാജേഷ് നായര്‍ പറയുന്നു. ഇപ്പോള്‍ ഒരു ക്ലാസ് മാനേജ്‌മെന്റ് ആപ് നിര്‍മ്മിക്കുന്ന പണിപ്പുരയിലാണ് ആദിത്യനും കൂട്ടുകാരും. അധ്യാപകരുടെ ദിനേനയുള്ള ജോലികള്‍ എളുപ്പമാക്കുന്ന ആപ്പാണിതെന്ന് ആദിത്യന്‍ പറയുന്നു. 


 

Latest News