Sorry, you need to enable JavaScript to visit this website.

സൗദിവൽക്കരണ അനുപാതം കുത്തനെ കൂട്ടി 

റിയാദ് - പരിഷ്‌കരിച്ച നിതാഖാത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി സൗദിവൽക്കരണ അനുപാതം കുത്തനെ കൂട്ടി. ചെറുകിട സ്ഥാപനങ്ങൾ പച്ച വിഭാഗത്തിൽ ഉൾപ്പെടുന്നതിന് നടപ്പാക്കേണ്ട സൗദിവൽക്കരണ അനുപാതം വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. ഇടത്തരം പച്ച വിഭാഗത്തിൽ പെടുന്നതിന് നഴ്‌സറി സ്‌കൂളുകൾ നടപ്പാക്കേണ്ട സൗദിവൽക്കരണം 46 ശതമാനത്തിൽ നിന്ന് 85 ശതമാനമായി ഉയർത്തിയിട്ടുണ്ട്. 
നിർമാണ മേഖലയിലെ ചെറുകിട സ്ഥാപനങ്ങൾ ഇടത്തരം പച്ചയിൽ പെടുന്നതിന് പതിനാറു ശതമാനം സൗദിവൽക്കരണം നടപ്പാക്കണം. നിലവിൽ ഇത്തരം സ്ഥാപനങ്ങൾ ഇടത്തരം പച്ചയിൽ പെടുന്നതിന് പത്തു ശതമാനം സൗദിവൽക്കരണം നടപ്പാക്കിയാൽ മതി. ജ്വല്ലറി മേഖലയിലെ ചെറുകിട സ്ഥാപനങ്ങൾ പച്ച വിഭാഗത്തിൽ പെടുന്നതിന് നടപ്പാക്കേണ്ട സൗദിവൽക്കരണം 28 ശതമാനത്തിൽ നിന്ന് 33 ശതമാനമായി ഉയർത്തി. ഫാർമസികൾ പച്ചയിൽ പെടുന്നതിന് 19 ശതമാനം സൗദിവൽക്കരണം നടപ്പാക്കണം. 
നിലവിൽ ഫാർമസികൾ പച്ചയിൽ പെടുന്നതിന് പതിനൊന്നു ശതമാനം സൗദിവൽക്കരണം നടപ്പാക്കിയാൽ മതി. ഇടത്തരം പച്ചയിലാകുന്നതിന് നടപ്പാക്കേണ്ട സൗദിവൽക്കരണം ബസ് കമ്പനികൾക്ക് പത്തു ശതമാനത്തിൽ നിന്ന് പതിനഞ്ചു ശതമാനമായും വ്യോമ ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 33 ശതമാനത്തിൽ നിന്ന് 38 ശതമാനമായും ടെലികോം കമ്പനികൾക്ക് 33 ശതമാനത്തിൽ നിന്ന് 45 ശതമാനമായും സർക്കാർ വകുപ്പുകളിൽ നിന്ന് നടപടികൾ പൂർത്തിയാക്കി നൽകുന്ന തഅ്ഖീബ് ഓഫീസുകൾക്ക് 50 ശതമാനത്തിൽ നിന്ന് 69 ശതമാനമായും ആരോഗ്യ സേവന സ്ഥാപനങ്ങൾക്ക് 19 ശതമാനത്തിൽ നിന്ന് 28 ശതമാനമായും വർധിപ്പിച്ചിട്ടുണ്ട്. പ്ലാറ്റിനം വിഭാഗത്തിൽ പെടുന്നതിന് മുഴുവൻ സ്ഥാപനങ്ങളും നൂറു ശതമാനം സൗദിവൽക്കരണം നടപ്പാക്കണം. 
നിതാഖാത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പതിനഞ്ചു മേഖലകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ആഭരണ നിർമാണം, ഹജ്-ഉംറ ട്രാൻസ്‌പോർട്ടേഷൻ, ഡയറി ഫാക്ടറികൾ, അലക്കുകടകൾ, ക്രഷെകൾ, വികലാംഗ പരിചരണ കേന്ദ്രങ്ങൾ, ലേഡീസ് ഉൽപന്നങ്ങൾ, സ്ട്രാറ്റജിക്കൽ ഇൻസ്റ്റിറ്റിയൂട്ടുകൾ, ഹെൽത്ത് കോളേജുകൾ, ബ്യൂട്ടി പാർലറുകൾ-ലേഡീസ് ടൈലറിംഗ് കേന്ദ്രങ്ങൾ, ക്ലീനിംഗ്-കാറ്ററിംഗ് കരാറുകൾ, യൂനിവേഴ്‌സിറ്റി കോളേജുകൾ, മൊബൈൽ ഫോൺ വിൽപന-അറ്റകുറ്റപ്പണി, കെമിക്കൽ-ധാതു വ്യവസായം, ഭക്ഷ്യവസ്തു-പ്ലാസ്റ്റിക് നിർമാണം എന്നീ മേഖലകളാണ് നിതാഖാത്തിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഈ മേഖലകൾ മറ്റു മേഖലകൾക്കു കീഴിലാണ് ഉൾപ്പെട്ടിരുന്നത്. പതിനഞ്ചു പ്രവർത്തന മേഖലകളെ നിതാഖാത്തിൽ പ്രത്യേക വിഭാഗമായി തരംതിരിച്ച് ഓരോ മേഖലക്കും അനുയോജ്യമായ സൗദിവൽക്കരണ അനുപാതം നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ പരിഷ്‌കരണം സെപ്റ്റംബർ മൂന്നു മുതൽ നിലവിൽവരും. 
2020 ഓടെ സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണം മുപ്പതു ലക്ഷമായി ഉയർത്തുന്നതിന് ലക്ഷ്യമിട്ടാണ് സൗദിവൽക്കരണ അനുപാതത്തിൽ ഭേദഗതികൾ വരുത്തിയത്. പുതിയ ഭേദഗതികൾ 65 ശതമാനം സ്വകാര്യ സ്ഥാപനങ്ങളെയും ബാധിക്കില്ല. നിലവിൽ പച്ചയിലുള്ള ഭൂരിഭാഗം സ്ഥാപനങ്ങളെയും പുതിയ തീരുമാനം ബാധിക്കില്ലെന്ന് സൗദി ഇക്കണോമിക് അസോസിയേഷൻ അംഗം അബ്ദുൽഇലാഹ് മുഅ്മിന പറഞ്ഞു. 

 

Latest News