Sorry, you need to enable JavaScript to visit this website.

മൂക്കില്‍ ട്യൂബുമായി ഗോവ മുഖ്യമന്ത്രി പരീക്കരെ പൊതുവേദിയിലെത്തിച്ചു; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം

പനജി- അര്‍ബുദബാധയെ തുടര്‍ന്ന് ഒമ്പതു മാസമായി ചികിത്സയില്‍ കഴിയുന്ന ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ശാരീരിക അവശതകള്‍ കണക്കിലെടുക്കാതെ പൊതു പരിപാടിക്കെത്തിച്ചതില്‍ ബി.ജെ.പിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. അവശനായ പരീക്കര്‍ മൂക്കിലെ ട്യൂബുമായി കഴിഞ്ഞ ദിവസം നിര്‍മ്മാണത്തിലിരിക്കുന്ന പാലം കാണാനെത്തതിയ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ് വിനയായത്. കൂടെ രണ്ടു ഡോക്ടര്‍മാരും ഉണ്ടായിരുന്നു. കൂടെയുള്ളവര്‍ താങ്ങിപ്പിടിച്ചാണ് പരീക്കര്‍ നടക്കുന്നത്. പകുതി നിര്‍മ്മാണം പൂര്‍ത്തിയായ മന്‍ഡോവി നദിക്കു കുറുകെയുള്ള പാലത്തിന്റേയും പനജിമിനടുത്ത സുവാരി നദിക്കു കുറുകെ നിര്‍മ്മിക്കുന്ന മറ്റൊരു പാലത്തിന്റേയും നിര്‍മ്മാണ പുരോഗതി വിലയിരുത്താനാണ് മുഖ്യമന്ത്രി എത്തിയത്. ശാരീരിക അവശത കാരണം ഒക്ടോബര്‍ 14-നു ശേഷം തന്റെ സ്വകാര്യ വസതി വിട്ട് പുറത്തിറങ്ങിയിട്ടില്ലാത്ത പരീക്കര്‍ ഇതിനു ശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം പൊതുപരിപാടിക്കെത്തിയത്. കാന്‍സര്‍ ബാധയെ തുടര്‍ന്ന് മാസങ്ങളായി ന്യൂയോര്‍ക്ക്, മുംബൈ, ദല്‍ഹി എന്നിവിടങ്ങളില്‍ ചിക്തയിലാരുന്നു പരീക്കര്‍. ഏറ്റവുമൊടുവില്‍ ദല്‍ഹി എയിംസിലെ ചികിത്സ കഴിഞ്ഞാണ് ഒക്ടോബര്‍ 14ന് വീട്ടിലെത്തിയത്. പാലം നിരീക്ഷിക്കാന്‍ വീട്ടില്‍ നിന്നും ആറു കിലോമീറ്റര്‍ ദൂരം പരീക്കര്‍ യാത്ര ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.

മൂക്കില്‍ ട്യൂബിട്ട് പരസഹായത്തോടെ നടക്കുന്ന പരീക്കറെ പൊതുവേദിയിലെത്തിച്ചതിന് ബിജെപിക്കെതിരെ പരക്കെ വിമര്‍ശമുയര്‍ന്നു. മൂക്കില്‍ ട്യൂബിട്ട ഒരാളെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുന്നതും ഫോട്ടോക്ക് പോസ് ചെയ്യിക്കുന്നതും മനുഷ്യത്വരഹിതമാണെന്നും ഇത്തരം സമ്മര്‍ദ്ദങ്ങളില്‍ നിന്നെല്ലാം ഒഴിവാക്കി പരീക്കറെ വിശ്രമിക്കാന്‍ അനുവദിക്കണമെന്നും മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ട്വീറ്റിലൂടെ പ്രതികരിച്ചു. കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയും ബിജെപിക്കെതിരെ രംഗത്തെത്തി. രോഗാവസ്ഥ പോലും കണക്കിലെടുക്കാതെ ഒരാളെ ജോലി ചെയ്യിപ്പിക്കുന്ന ബിജെപിയുടെ അധികാര ദാഹമാണിത് കാണിക്കുന്നത്. അധികാരം പിടിക്കാന്‍ ബിജെപി ചെയ്യാത്തതൊന്നുമില്ല. മുഖ്യമന്ത്രി ശ്രദ്ധിക്കണമെന്നും കാരണം കൂടെയുള്ളവര്‍ ശ്രദ്ധിക്കില്ലെന്ന് വ്യക്തമാണെന്നും അവര്‍ പറഞ്ഞു.

രോഗബാധ മൂലം തീരെ അവശനായ 63കാരന്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റാതെ നിര്‍ബന്ധിച്ച് പദവിയില്‍ നിലനിര്‍ത്തുന്നതിനെതിരെ ബി.ജെ.പിക്കെതിരെ മാസങ്ങളായി പ്രതിപക്ഷം രംഗത്തുണ്ട്. ഇതുകാരണം ഗോവയില്‍ ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

Latest News