ന്യൂദല്‍ഹി- 1984ലെ സിഖ് വിരുദ്ധകലാപത്തിനിടെ ഒരു കുടുംബത്തിലെ അഞ്ചു പേരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ ദല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. നേരത്തെ സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കിയ 2013ലെ വിചാരണ കോടതി വിധി റദ്ദാക്കിയാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. ഡിസംബര്‍ 31ന് മുമ്പായി കീഴടങ്ങാനും കോടതി സജ്ജന്‍ കുമാറിനോട് ഉത്തരവിട്ടു. വെല്ലുവിളികളുണ്ടെങ്കിലും സത്യം നിലനില്‍ക്കുമെന്ന് ഇരകള്‍ക്ക് ഉറപ്പുനല്‍കേണ്ടത് പ്രധാനമാണെന്നും കോടതി നിരീക്ഷിച്ചു. കുറ്റവാളികള്‍ക്ക് രാഷ്ട്രീയ പിന്തുണ ഉണ്ടായിരുന്നു. ഈ കേസുമായി നിര്‍ഭയം മുന്നോട്ടു പോകാന്‍ തയാറായ സാക്ഷി ജഗദീഷ് കൗറിനെ കോടതി അഭിനന്ദിക്കുകയും ചെയ്തു. കലാപകാലത്തെ അതിക്രമങ്ങളുടെ ആഘാതങ്ങള്‍ ഇപ്പോഴും അനുഭവിച്ചു വരുന്നുണ്ടെന്നും ജസ്റ്റിസുമാരായ എസ്. മുരളിധര്‍, വിനോദ് ഗോയല്‍ എന്നിവര്‍ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകര്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 1984 ഒക്ടോബര്‍ 31ന് ദല്‍ഹി കന്റോണ്‍മെന്റ് ഏരിയയില്‍ അഞ്ചു പേര്‍ കൊല്ലപ്പട്ട കേസാണിത്. വിചാരണ കോടതി കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ ആണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കൂട്ടക്കൊല നടത്താനായി ജനക്കൂട്ടത്തെ ഇളക്കി വിട്ടത് സജ്ജന്‍ കുമാറാണെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. കലാപവുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളില്‍ 2800ഓളം സിഖ് വംശജര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ 2100 പേരും ദല്‍ഹിയിലാണ് കൊല്ലപ്പെട്ടത്.