ന്യൂദല്‍ഹി- ബി.ജെ.പിയില്‍ നിന്നും അധികാരം പിടിച്ചെടുത്ത ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ് ലോട്ടും ഉപമുഖ്യമന്ത്രിയായി സചിന്‍ പൈലറ്റും ഇന്നു രാവിലെ നടക്കുന്ന ചടങ്ങില്‍ അധികാരമേല്‍ക്കും. മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി കമല്‍നാഥ് ഒരു മണിക്ക് അധികാരമേല്‍ക്കും. ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി ഭുപേഷ് ബാഗെലിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകീട്ട് നാലിനാണ്. മൂന്നിടത്തും പ്രതിപക്ഷ നേതാക്കള്‍ അടക്കമുള്ള നിരവധി നേതാക്കള്‍ ചടങ്ങുകളില്‍ പങ്കെടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മറ്റൊരു പ്രതിപക്ഷ വിളംബരമായി ഇതു മാറും. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, മുന്‍ യുപി മുഖ്യമന്ത്രിമാരായ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് റിപോര്‍ട്ടുകളുണ്ട്. ഇതു പ്രതിപക്ഷ ശക്തിപ്രകടനത്തിന് മങ്ങലേല്‍പ്പിക്കും.
ജയ്പൂരിലും ഭോപാലിലും റായ്പൂരിലും നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മൂന്നിടത്തും എത്തിയേക്കും. മുന്‍ പ്രധാനമന്ത്രി എച്.ഡി ദേവഗൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്.ഡി കുമാരസ്വാമി, മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എന്നിവരും പങ്കെടുക്കും. രാജസ്ഥാനില്‍ ആംആദ്മി പാര്‍ട്ടി നേതാവ്് അരവിന്ദ് കേജ് രിവാളിനെ പ്രതിനിധീകരിച്ച് പാര്‍ട്ടി നേതാവ് സജ്ഞയ് സിങ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ദല്‍ഹിയില്‍ ബദ്ധവൈരിയായ ആംആദ്മി പാര്‍ട്ടിയെ ചടങ്ങിലേക്ക് ക്ഷണിച്ചത് കോണ്‍ഗ്രസാണ്. മധ്യപ്രദേശിലെ ചടങ്ങില്‍ മമതയെ പ്രതിനിധീകരിച്ച് തൃണമൂല്‍ നേതാവ് ദിനേശ് ത്രിപാഠി പങ്കെടുക്കും.