കോട്ടയം- വീടിന് മുന്നിലെ ബസ് സ്റ്റോപ്പിൽ ബസിറങ്ങുന്നതിനിടെ നടുറോഡിൽ തലയടിച്ച് വീണ യുവതിക്ക് ദാരുണാന്ത്യം. ചിങ്ങവനം പുത്തൻപാലം പൊയ്കയിൽ എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് മനോജ് ജോസഫിന്റെ ഭാര്യ (42) ജീനാ മനോജാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചേകാലോടെയായിരുന്നു സംഭവം. കോട്ടയത്തു പോയി മടങ്ങിയ ജീന പുത്തൻപാലത്തെ വീടിന് മുന്നിലെ സ്റ്റോപ്പിലിറങ്ങാൻ ശ്രമിക്കുന്നതിനിടെ വണ്ടിയുടെ ഡോർ തുറക്കാൻ തടസം നേരിട്ടു. പിന്നീട് ഡോർ തുറന്നെങ്കിലും ജീന റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ജീനയെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൾഫിൽ നഴ്സാണ് ജീന. വയനാട് പുൽപള്ളി ചെമ്പകത്തിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: ജോമോൻ, ജെനി, ജോളി, റെജി.