- രജപക്‌സെ രാജിവെച്ചു
കൊളംബോ- എറെ ജുഗുപ്‌സാവഹമായ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ റെനിൽ വിക്രമസിംഗെ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രിയായി അധികാരമേറ്റു. തന്നെ ഭരണഘടനാ വിരുദ്ധമായി പുറത്താക്കുകയും, ഇനി അധികാരത്തിൽ തിരിച്ചുവരാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത പ്രസിഡന്റ് മൈത്രീപാല സിരിസേനക്കു മുമ്പാകെ തന്നെയാണ് 69 കാരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സിരിസേന പ്രധാനമന്ത്രി പദത്തിൽ അവരോധിച്ച മഹീന്ദ രജപക്‌സെ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ ഇന്നലെ രാവിലെ രാജിവെച്ചതിനു പിന്നാലെയാണ് വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയാവുന്നത്.
തനിക്കേറ്റ തിരിച്ചടിയുടെ ഈർഷ്യ സത്യപ്രതിജ്ഞാ ചടങ്ങിലും സിരിസേന പ്രകടിപ്പിച്ചു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടന്ന ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകരെ പ്രസിഡന്റ് അനുവദിച്ചില്ല. തുടർന്ന് സത്യപ്രതിജ്ഞാ വിവരം വിക്രമ സിംഗെയുടെ യുനൈറ്റഡ് നാഷണൽ പാർട്ടി തന്നെയാണ് പുറത്തുവിട്ടത്. വിക്രമസിംഗെ അധികാരമേൽക്കുന്നതിന്റെ ചിത്രങ്ങളും സർക്കാർ ഏജൻസികളുടേത് മാത്രമായിരുന്നു.
51 ദിവസത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് വിക്രമസിംഗെ അധികാരത്തിൽ തിരിച്ചെത്തുന്നത്. ഇക്കഴിഞ്ഞ ഒക്‌ടോബർ 21ന് വിക്രമ സിംഗെയെ, പ്രസിഡന്റ് തീർത്തും ഭരണഘടനാ വിരുദ്ധമായി പ്രധാനമന്ത്രി പദത്തിൽനിന്ന് പുറത്താക്കുകയും പകരം, തന്റെ കൂട്ടാളിയായ മുൻ പ്രസിഡന്റ് മഹീന്ദ രജപക്‌സെയെ പ്രധാനമന്ത്രിയായി അവരോധിക്കുകയുമായിരുന്നു. എന്നാൽ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ ഇക്കാലയളവിൽ രജപക്‌സെക്ക് കഴിഞ്ഞില്ല. ആറ് തവണയാണ് ഇതിനുള്ള രജപക്‌സെയുടെ ശ്രമങ്ങൾ പാർലമെന്റിൽ പരാജയപ്പെട്ടത്.
ഇതിനിടെ പ്രശ്‌നത്തിൽ ഇടപെട്ട കോടതി, രജപക്‌സെ മന്ത്രിസഭ ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നത് വിലക്കി. വിക്രമസിംഗെ മന്ത്രിസഭയെ പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രജപക്‌സെക്ക് ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വന്നതോടെ, പാർലമെന്റ് പിരിച്ചുവിട്ട് ജനുവരി അഞ്ചിന് ഇടക്കാല തെരഞ്ഞെടുപ്പ് നടത്താൻ പ്രസിഡന്റ് ഉത്തരവിട്ടെങ്കിലും അതും കോടതി അസാധുവാക്കി. കോടതിയിൽ നിന്നും പാർലമെന്റിൽനിന്നും നിരന്തരം തിരിച്ചടിയേറ്റതോടെ സിരിസേന-രജപക്‌സെ ക്യാമ്പ് ഒടുവിൽ മുട്ടുമടക്കുകയായിരുന്നു. ഇന്നലെ രാവിലെ രജപക്‌സെ പ്രധാനമന്ത്രി പദത്തിൽൽനിന്ന് രാജിവെച്ചു. തുടർന്നാണ് വിക്രമ സിംഗെയെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പ്രസിഡന്റ് കൈമാറുന്നത്.