ജിദ്ദ - പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് (തഹ്ലിയ) റോഡും മദീന റോഡും സന്ധിക്കുന്ന ഇന്റർസെക്ഷനിൽ അടിപ്പാത നിർമിക്കുന്നതിനുള്ള ജോലികൾക്ക് തുടക്കമായി.
ജിദ്ദയിലെ പ്രധാന റോഡുകളിലും ഇന്റർസെക്ഷനുകളിലും ഗതാഗതം എളുപ്പമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് തഹ്ലിയ, മദീന റോഡുകൾ സന്ധിക്കുന്ന ഇന്റർസെക്ഷനിൽ തഹ്ലിയ റോഡിൽ അടിപ്പാത നിർമിക്കുന്നത്.
ഈ ഇന്റസെക്ഷനിൽ മദീന റോഡിൽ നേരത്തെ തന്നെ മേൽപാലമുണ്ട്. 24 കോടിയിലേറെ റിയാലിനാണ് പദ്ധതിയുടെ കരാർ ജിദ്ദ നഗരസഭ നൽകിയിരിക്കുന്നത്. മുപ്പതു മാസമാണ് കരാർ കാലാവധി.
തഹ്ലിയ റോഡിൽ 650 മീറ്റർ നീളത്തിൽ നിർമിക്കുന്ന അടിപ്പാതയിൽ ഇരു ഭാഗത്തേക്കുള്ള റോഡുകളിൽ ഈരണ്ടു ട്രാക്കുകൾ വീതമുണ്ടാകും. ഇതോടൊപ്പം അടിപ്പാതക്കും മേൽപാലത്തിനും ഇടയിൽ ഉപരിതലത്തിലെ സിഗ്നൽ ഏരിയയിൽ സേവന നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.
പ്രധാന റോഡുകളിൽ ഗതാഗതം സുഗമമാക്കുന്നതിന് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ജിദ്ദയിൽ നിരവധി അടിപ്പാതകളും മേൽപാലങ്ങളും നഗരസഭ നിർമിച്ചിട്ടുണ്ട്.