Sorry, you need to enable JavaScript to visit this website.

കരുണാനിധി പ്രതിമ അനാച്ഛാദന ചടങ്ങില്‍ പ്രതിപക്ഷ നേതാക്കള്‍ വീണ്ടും ഒരുമിച്ചു 

ചെന്നൈ- തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായിരുന്ന കെ. കരുണാനിധിയുടെ പ്രതിമ ചെന്നൈയില്‍ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി അനാച്ഛാദനം ചെയ്തു. ഡി.എം.കെ ആസ്ഥാനമായി അണ്ണ അറിവാലയത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി തുടങ്ങി പ്രതിപക്ഷ നേതാക്കളുടെ നീണ്ട നിര തന്നെ പരിപാടിയില്‍ സംബന്ധിച്ചു. ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ, നടന്‍ രജനികാന്ത് തുടങ്ങി മറ്റു പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.

ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസ് ബി.ജെ.പിയെ പരാജയപ്പെടുത്തിയ തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം മറ്റൊരു പ്രതിപക്ഷ ശക്തി പ്രകടനമായി ഈ ചടങ്ങ്. സോണിയാ ഗാന്ധിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ എത്തിയത്. 2004 മുതല്‍ കോണ്‍ഗ്രസിനൊപ്പം യുപിഎയിലുണ്ടായിരുന്ന ഡിഎംകെ 2014ല്‍ കോണ്‍ഗ്രസ് സഖ്യം വിട്ടിരുന്നു. പിന്നീട് ഈയിടെയാണ് കോണ്‍ഗ്രസുമായി ഡിഎംകെ നല്ല ബന്ധത്തിലായത്. കരുണാനിധി രോഗബാധിതനായി കിടക്കുമ്പോള്‍ രാഹുല്‍ സന്ദര്‍ശിക്കാനെത്തിയിരുന്നു. പിന്നീട് കരുണാനിധിയുടെ സംസ്‌ക്കാര ചടങ്ങുകളിലും രാഹുല്‍ പങ്കെടുത്തിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങിളെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ സ്റ്റാലിന്‍ പങ്കെടുക്കുന്നുണ്ട്.

Latest News