മുംബൈ- ബോംബ് ഭീഷണിയെ തുടർന്നു മുംബൈയിൽ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. മുംബൈയിൽനിന്ന് ഡൽഹി വഴി ലക്‌നോവിലേക്കുള്ള ഇൻഡിഗോയുടെ 6ഇ 3612 വിമാനമാണ് ഭീഷണിയെത്തുടർന്നു നിലത്തിറക്കിയത്. പരിശോധന നടത്തിയെങ്കിലും വിമാനത്തിൽനിന്നു സംശയാസ്പദമായി യാതൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും വിമാനം സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.
രാവിലെ ഗോ എയർ ജി8 329 വിമാനത്തിൽ ഡൽഹിക്കു പോകേണ്ടിയിരുന്ന സ്ത്രീയാണ് ഇൻഡിഗോ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ചത്. ഇവർ ചില ആളുകളുടെ ഫോട്ടോയും കാണിച്ചിരുന്നു. ഇവരെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ എയർപോർട്ട് പോലീസ് സ്‌റ്റേഷനിലേക്കു മാറ്റി ചോദ്യം ചെയ്തു. ഇവർ മാനസികമായി വെല്ലുവിളി നേരിടുന്നവരാണെന്ന് പിന്നീട് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.