ന്യൂദൽഹി - തൂത്തുക്കുടിയിലെ സ്‌റ്റെർലൈറ്റ് പ്ലാന്റ് തുറന്ന് പ്രവർത്തിപ്പിക്കാമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ. വേദാന്ത കമ്പനിയുടെ ഹരജി പരിഗണിച്ചാണ് നടപടി. പ്രതിഷേധത്തെ തുടർന്ന് മെയ് 28 മുതൽ കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നു. കമ്പനിക്കെതിരെ പ്രതിഷേധിച്ച 13 പേർ മെയ് മാസത്തിൽ വെടിയേറ്റ് മരിച്ചിരുന്നു.
വിഷവാതകം പുറന്തള്ളുന്നുവെന്ന സമീപവാസികളുടെ പരാതിയെ തുടർന്ന് പ്ലാന്റ് അടച്ചുപൂട്ടാൻ 2010ൽ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി കമ്പനിക്ക് 100 കോടി രൂപ പിഴ വിധിക്കുകയും ചെയ്തു. 2013 മാർച്ച് 31ന് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കാൻ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. തുടർന്ന് ദേശീയ ഹരിത ട്രിബ്യൂണൽ നിയോഗിച്ച വിദഗ്ധ സമിതി പരിശോധന നടത്തിയശേഷം പ്ലാന്റ് തുറക്കാൻ അനുമതി നൽകുകയായിരുന്നു.
തൂത്തുക്കുടി സ്‌റ്റെർലൈറ്റ് പ്ലാന്റിനെതിരേ ജനങ്ങൾ സമരം നടത്തുമ്പോൾ സർക്കാർ എന്തു ചെയ്യുകയാണെന്ന് രജനീകാന്ത് ചോദിച്ചിരുന്നു. പ്ലാന്റിന് അനുമതി നൽകിയ സർക്കാർ ഒന്നും ചെയ്യാതെ കാഴ്ചക്കാരായി നിൽക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്ന് രജനി ട്വിറ്ററിൽ കുറിച്ചിരുന്നു.
1996 ലാണ് തൂത്തുക്കുടിയിൽ സ്‌റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് പ്രവർത്തനം തുടങ്ങിയത്. അന്ന് മുതൽ വിവാദങ്ങളുടെ കേന്ദ്രവുമാണ് സ്ഥാപനം. പ്ലാന്റിന്റെ പ്രവർത്തനം മേഖലയുടെ പാരിസ്ഥിതികാവസ്ഥയെ തകിടം മറിച്ചു. ജലസ്രോതസ്സുകളും മണ്ണും വായുവും വിഷമയമായി. ജനങ്ങൾ പ്ലാന്റിനെതിരെ പ്രക്ഷോഭങ്ങൾ തുടങ്ങി. ഒടുവിൽ പരാതി സുപ്രീംകോടതിയിലെത്തി.
പരിസ്ഥിതി നാശം സ്ഥിരീകരിച്ച കോടതി 100 കോടി രൂപ പിഴയടക്കാനാണ് നിർദേശിച്ചത്. പക്ഷേ, പ്ലാന്റ് പ്രവർത്തനം തുടരുകയായിരുന്നു. കമ്പനിക്ക് രണ്ടാംഘട്ട വികസനത്തിന് സർക്കാർ അനുമതി നൽകിയതോടെയാണ് തൂത്തുക്കുടിയിൽ വീണ്ടും പ്രക്ഷോഭങ്ങൾ ശക്തമായത്. ആയിരങ്ങളാണ് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് ഇവിടേക്ക് എത്തിയത്.