ന്യൂദൽഹി- ഇന്ത്യയിലെ പാക് ഹൈക്കമ്മീഷൻ ഓഫീസിൽ നിന്ന് 23 ഇന്ത്യക്കാരുടെ പാസ്‌പോർട്ട് കാണാതായ സംഭവം വിവാദമാകുന്നു. ഗുരുനാനക് ജയന്തിയോടനുബന്ധിച്ച് തീർത്ഥാടനത്തിനായി വിസയ്ക്ക് അപേക്ഷിച്ച ഇന്ത്യക്കാരുടെ പാസ്‌പോർട്ടുകളാണ് കാണാതായത്. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം നടപടി തുടങ്ങിയിരിക്കുകയാണ്.
പാക് ഹൈക്കമ്മീഷൻ ഓഫീസിൽനിന്ന് പാസ്‌പോർട്ടുകൾ നഷ്ടപ്പെട്ടുവെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നഷ്ടപ്പെട്ട 23 പാസ്‌പോർട്ടുകളും വിദേശകാര്യ മന്ത്രാലയം റദ്ദാക്കുകയും ചെയ്തു. നവംബർ 21മുതൽ 30വരെ ആയിരുന്നു ഗുരുനാനാക്ക് ജയന്തി ആഘോഷങ്ങൾ നടന്നത്. ഇതിൽ പങ്കെടുക്കാനായാണ് ഇവർ വിസ അപേക്ഷയ്‌ക്കൊപ്പം പാസ്‌പോർട്ടുകളും പാക് ഹൈക്കമ്മീഷനിൽ സമർപ്പിച്ചത്.
ഡൽഹിയിലെ ഇടനിലക്കാരാണ് പാസ്‌പോർട്ടുകളെല്ലാം ഒരുമിച്ച് പാക് ഹൈക്കമ്മീഷനിൽ സമർപ്പിച്ചത്. പാസ്‌പോർട്ടും വിസ അപേക്ഷിച്ചുകൊണ്ടുള്ള രേഖകളും താൻ അവിടെ സമർപ്പിച്ചതാണെന്നും എന്നാൽ തിരികെ വാങ്ങാൻ എത്തിയപ്പോൾ രേഖകൾ അവിടെ ഇല്ലെന്ന മറുപടിയായിരുന്നു ലഭിച്ചതെന്നും ഇടനിലക്കാരൻ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. അതേസമയം പാസ്‌പോർട്ടുകൾ കാണാതായ സംഭവത്തിൽ തങ്ങളുടെ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നായിരുന്നു പാക് അധികൃതരുടെ പ്രതികരണം.