ഐസോൾ- മിസോറാമിൽ മുഖ്യമന്ത്രിയായി സൊറംതംഗ സത്യപ്രതിജ്ഞ ചെയ്തു. മിസോ നാഷണൽ ഫ്രണ്ട് നേതാവായ സൊറംതംഗ ഐസോളിലെ രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മിസോറാം ഗവർണരായ കുമ്മനം രാജശേഖരനാണ് സത്യവാചകം ചൊല്ലി കൊടുത്തത്.
നേരത്തെ, രണ്ടു തവണ (1998, 2008) സൊറംതംഗ മിസോറം മുഖ്യമന്ത്രിയായിരുന്നു. അഞ്ചു തവണ ചെംഫായ് മണ്ഡലത്തിൽനിന്നു ജയിച്ച സൊറംതംഗ ഇത്തവണ സംസ്ഥാനത്തെ ഏക ജനറൽ സീറ്റായ ഐസോൾ ഈസ്റ്റ് ഒന്നിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രാദേശിക പാർട്ടിയായ മിസോ നാഷണൽ ഫ്രണ്ട് 10 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുന്നത്. മിസോറാമിൽ ആഴത്തിൽ വേരുകളുള്ള എം.എൻ.എഫിന്റെ അധ്യക്ഷനാണ് 74കാരൻ സൊറംതംഗ.
തെരഞ്ഞെടുപ്പിൽ എം.എൻ.എഫ് 25നും 30നും ഇടയിൽ സീറ്റുകൾ നേടുമെന്നും കോൺഗ്രസിന് പത്തിൽ താഴെ മാത്രമേ ലഭിക്കൂവെന്നും സൊറംതംഗ പറഞ്ഞിരുന്നു.