ലണ്ടന്‍- ശിക്ഷിക്കേണ്ട കുറ്റമായിട്ടും പഠനത്തിലേയും പാഠ്യതരപ്രവർത്തനങ്ങളിലേയും മികവ് കണക്കിലെടുത്ത് വിദ്യാർഥിനെയെ വെറുതെ വിടുന്നു. ബ്രിട്ടനിലാണ് അപൂർവ കോടതി നടപടി. കാമുകനെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ ഓക്സ്ഫോർഡ് സർവകലാശാലയിലെ മെഡിക്കല്‍ വിദ്യാർഥിനി ലാവിനിയ വുഡ് വാർഡെന്ന 24 കാരിയാണ് കഴിവുകളുടെ ബലത്തില്‍ ജയില്‍ ശിക്ഷയില്‍ നിന്നൊഴിവായത്. ടിന്‍ഡർ ഡേറ്റിംഗ് സൈറ്റിലൂടെ കണ്ടെത്തിയ കാമുകനുമായാണ് കുടിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും തർക്കത്തിലേർപ്പെട്ടതും ഒടുവില്‍ കുത്തിക്കുത്തില്‍ കലാശിച്ചതും. കാംബ്രിഡ്ജ് യൂനിവേഴ്സിറ്റിയില്‍ പഠിച്ച കാമുകന്‍റെ കാലില്‍ കുത്തിപ്പരിക്കേല്‍പിച്ചതിനുപുറമെ ലാപ്ടോപ്പും ജാം കുപ്പിയും വലിച്ചെറിയുകയും ചെയ്തിരുന്നു. ഓക്സ്ഫോർഡിലെ ക്രൈസ്റ്റ് ചർച്ച് കോളേജിലായിരുന്നു സംഭവം. ഓക്സ്ഫോർഡ് ക്രൌണ്‍ കോടതിയില്‍ ലാവിനിയ കുറ്റം സമ്മതിക്കുകയും ചെയ്തു. തടവുശിക്ഷ വിധിക്കാവുന്ന കുറ്റമാണെന്ന് ജഡ്ജി ഇയാന്‍ പ്രിംഗിള്‍ പറയുകയും ചെയ്തു. പക്ഷേ, ലാവിനിയ അപൂർവ പ്രതിഭയാണെന്ന കാര്യം ജഡ്ജിക്ക് കണക്കിലെടുക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഹൃദയശസ്ത്രക്രിയയില്‍ വലിയ വാഗ്ദാനമാകുമെന്ന് ചൂണ്ടിക്കാണിക്കുന്ന ലാവിനിയ മെഡിക്കല്‍ ജേണലുകളില്‍ എഴുതിയ ലേഖനങ്ങള്‍ ജഡ്ജി കണക്കിലെടുത്തു. തടവ് ശിക്ഷ ഉണ്ടാകില്ലെന്ന് സൂചന നല്‍കി കേസില്‍ ശിക്ഷ വിധിക്കുന്നത് നാല് മാസത്തേക്ക് നീട്ടിവെച്ചിരിക്കയാണ്. മിടുക്കിയായ വിദ്യാർഥിനിയെ അടുത്ത ഒക്ടോബറില്‍ വീണ്ടും കോളേജില്‍ പ്രവേശിപ്പിക്കുമെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു.
അപൂർവ പ്രതിഭയുള്ള യുവതിയെ ഇഷ്ടപ്പെട്ട ജോലിയില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടയുന്ന നടപടി ഉണ്ടായിക്കൂടെന്നാണ് ജഡ്ജിയുടെ വിലയിരുത്തല്‍. അമ്മയോടൊപ്പം ഇറ്റലിയിലെ മിലാനിലുള്ള യുവതി കോടതിയില്‍ ഹാജരായിരുന്നില്ല. തടവ് ശിക്ഷ വിധിച്ചാല്‍ സർജനാവുകയെന്ന ലാവിനിയയുടെ സ്വപ്നം തകരുമെന്ന് അവർക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭഷകന്‍ ജെയിംസ് സ്റ്റർമന്‍ വാദിച്ചു. നേരത്തെ മറ്റൊരു കാമുകനില്‍നിന്നുണ്ടായ ദുരനുഭവങ്ങള്‍ കാരണം ലാവിനിയ തകർന്ന നിലയിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 25 ന് അന്തിമ വിധി വരുമ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കരുതെന്നും കുറ്റകൃത്യം ആവർത്തിക്കരുതെന്നും നിർദേശിച്ചുകൊണ്ട് ലാവിനിയെ വെറുതെ വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.