Sorry, you need to enable JavaScript to visit this website.

വനിതാ മതിൽ മതനിരപേക്ഷത തകർക്കാനുള്ള  നീക്കത്തിനെതിരായ പ്രതിരോധം -കോടിയേരി

ജിദ്ദ നവോദയയുടെ നവകേരളം-2018 സാംസ്‌കാരിക സമ്മേളനം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ- ലോകത്തിനു തന്നെ മാതൃകയായ കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുകയാണെന്നും ഇതിനെതിരായ പ്രതിരോധമാണ് ജനുവരി ഒന്നിനു നടക്കുന്ന വനിതാ മതിലെന്നും പോളിറ്റ് ബ്യൂറോ അംഗവും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഇടമുള്ള നാടാണ് കേരളം. പ്രളയ കാലത്ത് ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ നാം ഒന്നിച്ചു നിൽക്കുകയും അതിനെ നേരിടുകയും ചെയ്ത് ലോകത്തിനു തന്നെ വിസ്മയമായി മാറിയത് കേരളത്തിന്റെ മത നിരപേക്ഷത കൊണ്ടാണ്. യുവാക്കളുടെയും വിദ്യാർഥികളുടെയും ഇടപെടലുകളും മറ്റൊരിടത്തും കാണാൻ കഴിയാത്ത വിധത്തിലായിരുന്നു. 31,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനു പ്രളയംമൂലം ഉണ്ടായത്. കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് ആവശ്യമായ സഹായം ഉണ്ടായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ പ്രളയത്തെ പ്രതിരോധിച്ച പോലെ നവകേരള സൃഷ്ടിക്കായി നാം ഒറ്റക്കെട്ടായി കൈകോർക്കണമെന്നും പരമാവധി സഹായങ്ങൾ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 
ജിദ്ദ നവോദയ 28-ാമത് കേന്ദ്ര സമ്മേളനത്തിന് മുന്നാടിയായി നടന്ന നവകേരളം-2018 സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ബി.ജെ.പി-സംഘ്പരിവാർ ശക്തികൾ കേരളത്തിൽ കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതിനായി പല മാർഗങ്ങളും അവർ സ്വീകരിച്ചു. കേരളത്തിലെ ജനങ്ങളുടെ ബോധംകൊണ്ടു മാത്രമാണ് അതു വിജയിക്കാതെ പോയത്. ശബരിമല വിഷയത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും സുപ്രീം കോടതി വിധിക്കനുകൂലമായിരുന്നു. പിന്നീട് അതിനെ എതിർത്തു രംഗത്തു വന്നു. സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതി വിധി നടപ്പാക്കേണ്ട ബാധ്യത നിർവഹിക്കുക മാത്രമാണ് ചെയ്തത്. വിധിയെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനാകും. എന്നാൽ അതിനു മുതിരാതെ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ച് കേരളത്തിൽ കലാപത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതിനെ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കുന്നതിന്റെ ഭാഗമായാണ് വനിതാ മതിൽ തീർക്കുന്നത്. ഇതിൽ അണി ചേർന്നുകൊണ്ട് മത നിരപേക്ഷ മതിൽ തർക്കാൻ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്ന് ലോകത്ത് നാം വിളിച്ചു പറയണം. സർക്കാർ ഇതിന് ഒരു നയാ പൈസ പോലും ചെലവാക്കുന്നില്ല. 620 കിലോമീറ്റർ ദൂരത്തിൽ 40 ലക്ഷം സ്ത്രീകളെ അണി നിരത്തിയാണ് മതിൽ നിർമിക്കുക. നവോത്ഥാന പാരമ്പര്യം ഉയർത്തി സ്ത്രീ-പുരുഷ സമത്വം സാധ്യമാക്കുകയെന്നതും മതനിരപേക്ഷതയുടെ വനിതാ മതിൽ കൊണ്ട് ലക്ഷ്യമിടുന്നതായി കോടിയേരി പറഞ്ഞു. ഇതിൽ മുഴുവൻ സ്ത്രീകളും പങ്കാളികളാവണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഭാവിയെ കുറിച്ച് പ്രതീക്ഷ നൽകുന്നതാണ്. മാറ്റം വരാൻ പോകുന്നുവെന്നതിന്റെ സൂചനയായി വേണം ഇതിനെ കാണാൻ. വർഗീയതക്കെതിരെ ജാഗ്രതയോടെ, ഇച്ഛാശക്തിയോടെ നാം പ്രവർത്തിക്കണം. പുതിയ ഇന്ത്യക്കു വേണ്ടിയുള്ള പോരാട്ടം വിജയിപ്പിക്കാൻ പാർലമെന്റിൽ ഇടതുപക്ഷ കക്ഷികളുടെ അംഗസംഖ്യ വർധിപ്പിക്കേണ്ടതുണ്ട്. 2004ൽ മത നിരപേക്ഷ നിലപാടിന് ശക്തി പകരാൻ ഇടതു കക്ഷികളുടെ അംഗബലം കൊണ്ട് കഴിഞ്ഞിരുന്നു. ആർ.എസ്.എസ്-ബി.ജെ.പിയെ ചെറുക്കാൻ ഇടതു പക്ഷത്തിനു മാത്രമേ കഴിയൂ. കോൺഗ്രസിന് അതൊരിക്കലും സാധ്യമാകില്ല. ബി.ജെ.പിക്ക് എതിരായ പോരാട്ടത്തിന് ശക്തി പകരാൻ ഇടതു അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ആത്മാർഥമായ പരിശ്രമം എല്ലാവരുടേയും ഭാഗത്തു നിന്നുണ്ടാവണം. ഇക്കാര്യത്തിൽ പ്രവാസികൾക്ക് ഏറെ ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു. നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി വി.കെ. റഊഫ് ആശംസ നേർന്നു. അനിൽ നാരായണയുടെ സംവിധാനത്തിൽ സുധാ രാജു ചിട്ടപ്പെടുത്തിയ ഗ്രൂപ്പ്  ഡാൻസും, സ്മൃതി അവതരിപ്പിച്ച കേരള നടനം ഡാൻസും പരിപാടികൾക്ക് കൊഴുപ്പേകി. അനിൽ നാരായണയെയും സുധാ രാജുവിനെയും കോടിയേരി മെമന്റോ നൽകി ആദരിച്ചു. ഓട്ടൻതുള്ളൽ നടത്തിയ ഹനീഫ് വാപ്പനുവിനും കോടിയേരി മെമന്റോ സമ്മാനിച്ചു. ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതവും സി.എം അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. റഫീഖ് പത്തനാപുരം  അവതാരകനായിരുന്നു. 

Latest News