ന്യൂദൽഹി- റഫാൽ യുദ്ധ വിമാന ഇടപാടിലെ അഴിമതിയെ കുറിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജികൾ കോടതി തള്ളിയെങ്കിലും കേന്ദ്രത്തിനെതിരെ ശക്തമായ ആരോപണവുമായി കോൺഗ്രസ്. കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ റഫാൽ ഇടപാട് സംബന്ധിച്ച് പരിശോധന നടത്തിയെന്ന സുപ്രീം കോടതി ഉത്തരവിലെ പരാമർശം കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) ചെയർമാനുമായ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ഇത്തരത്തിൽ ഒരു റിപോർട്ട് ജെ.പി.സിയുടെ മുന്നിൽ എത്തിയിട്ടില്ലെന്നും കേന്ദ്രം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഖാർഗെ ആരോപിച്ചു. കോടതിയിൽ സർക്കാർ കള്ളം പറഞ്ഞു. പി.എ.സിയെ പറ്റിയും കോടതിയെ കേന്ദ്രം തെറ്റിദ്ധരിപ്പിച്ചു. ഇക്കാര്യത്തിൽ ജെ.പി.സി അന്വേഷണം നടത്തുമെന്നും ചെയർമാൻ കൂടിയായ ഖാർഗെ വ്യക്തമാക്കി. പാർലമെന്ററി അക്കൗണ്ടസ് കമ്മിറ്റി അംഗങ്ങളുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇടപാടിനെ സംബന്ധിച്ച് തീരുമാനമെടുത്ത പ്രക്രിയയിൽ സംശയിക്കത്തക്ക ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇന്നലെ ഹരജി തള്ളിയത്.
ഹരജികൾ തള്ളിയ സുപ്രീം കോടതി വിധിയിൽ ഗൗരവമേറിയ വിചിത്രമായ പിഴവുകളുണ്ടെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇന്നലെ കോടതി പുറത്തിറക്കിയ വിധിന്യായത്തിൽ വസ്തുതാപരമായ വലിയ മണ്ടത്തരങ്ങൾ ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. വിധിയുടെ 21-ാമത്തെ പേജിൽ 25-ാമത്തെ നമ്പറായി സി.എ.ജി (കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ) റിപ്പോർട്ടിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. റിപ്പോർട്ട് സി.എ.ജി പരിശോധിച്ചിട്ടുണ്ടെന്നും പറയുന്നു. എന്നാൽ ഇങ്ങനെ ഒരു റിപ്പോർട്ട് നിലവിൽ ഇല്ലെന്നാണ് ഹരജിക്കാരായ അരുൺ ഷൂരി, യശ്വന്ത് സിൻഹ, പ്രശാന്ത് ഭൂഷൺ എന്നിവർ പറഞ്ഞത്. വിധിയിൽ വിചിത്രമായ തെറ്റുകൾ ഉണ്ടെന്ന് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.
യുദ്ധവിമാനങ്ങളുടെ വില താരതമ്യം ചെയ്ത് പരിശോധിക്കേണ്ടത് കോടതിയുടെ ജോലി അല്ലെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഹരജികളിൽ ഇടപെടുന്നില്ലെന്നും ഇതു സംബന്ധിച്ച എല്ലാ ഹരജികളും തള്ളുകയാണെന്നും വ്യക്തമാക്കി. വ്യക്തികളുടെ വ്യക്തിപരമായ അവബോധത്തിന് അനുസരിച്ച് കോടതികൾക്ക് ഒരു ഇടപാടിനെ വിലയിരുത്താൻ ആകില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. രാജ്യത്തിന് നാല്, അഞ്ച് തലമുറ യുദ്ധ വിമാനങ്ങൾ ആവശ്യമാണെന്ന് മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥർ തന്നെ കോടതിയെ അറിയിച്ചിരുന്നു. റഫാൽ വിമാനങ്ങളുടെ ഗുണനിലവാരത്തിൽ സംശയമില്ല. പ്രതിരോധ മേഖലയിൽ വിട്ടുവീഴ്ചക്ക് സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. 126 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങാനാണ് ആദ്യം തീരുമാനിച്ചത് എങ്കിലും പിന്നീട് 36 വിമാനങ്ങൾ മാത്രം വാങ്ങിയാൽ മതിയെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇതിന്റെ യുക്തി എന്താണെന്ന് അറിയില്ല. അതേസമയം 126 യുദ്ധ വിമാനങ്ങൾ വാങ്ങണം എന്ന് കേന്ദ്ര സർക്കാരിനോട് നിർദേശിക്കാൻ ആകില്ലെന്നും കോടതി വ്യക്തമാക്കി. മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ ഒരു അഭിമുഖത്തിന് ശേഷമാണ് റഫാൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ ഫയൽ ചെയ്തിരിക്കുന്നത്. ഒരു വാർത്താ സമ്മേളനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇടപാടിനെ കുറിച്ച് ഒരു ജുഡീഷ്യൽ പരിശോധന സാധ്യമല്ലെന്നാണ് വിധി പ്രസ്താവന വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നിരീക്ഷിച്ചത്.
റഫാൽ ഇടപാടിലെ ക്രമക്കേടിനെ കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ, അഡ്വ. എം.എൽ ശർമ, വിനീത് ഡൺഡ, മുൻ കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളുമായിരുന്ന അരുൺ ഷൂരി, യശ്വന്ത് സിൻഹ, എ.എ.പി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗ് എന്നിവരാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നത്. കരാറുകളിൽ ഏർപ്പെടുമ്പോഴുള്ള നടപടിക്രമങ്ങൾ പാലിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി 2015 ഏപ്രിലിൽ ഇടപാട് പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഇടപാട് സംബന്ധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തി ഒരു വർഷത്തിന് ശേഷമാണ് കേന്ദ്ര മന്ത്രിസഭ ഇതിന് അംഗീകാരം നൽകിയത് തുടങ്ങിയ കാര്യങ്ങളാണ് ഹരജികളിൽ ആരോപിച്ചിരുന്നത്.