Sorry, you need to enable JavaScript to visit this website.

ജോണ്‍സണ്‍സ് ബേബി പൗഡറില്‍ കാന്‍സറിനു കാരണമായ ആസ്ബസ്റ്റോസ് ഉണ്ടെന്ന് പതിറ്റാണ്ടുകളോളം രഹസ്യമാക്കി

ന്യൂയോര്‍ക്ക്- ശിശുപരിപാല ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട ആഗോള ഭീമന്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പുറത്തിറക്കുന്ന ബേബ് പൗഡറില്‍ കാന്‍സറിനു കാരണമാകുന്ന മാരകമായ ആസ്ബസ്റ്റോസിന്റെ അംശം അടങ്ങിയിട്ടുണ്ടെന്ന കാര്യം കമ്പനി പതിറ്റാണ്ടുകളോളം രഹസ്യമാക്കി വച്ചുവെന്ന് റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇതേ കാരണം ചൂണ്ടിക്കാട്ടി 12,000ഓളം വനിതകള്‍ കമ്പനിക്കെതിരെ ആരോപണവുമായി രംഗത്തു വന്ന പശ്ചാത്തലത്തിലാണ് റോയിട്ടേഴ്‌സ് അന്വേഷണം. തങ്ങള്‍ക്കു ബാധിച്ച കാന്‍സറിനു കാരണമായത് ജോണ്‍സണ്‍സ് ബേബി പൗഡറിലെ ആസ്ബസ്റ്റോസ് ആണെന്ന് പരാതിപ്പെട്ടാണ് ഇവര്‍ കോടതികളെ സമീപിച്ചിരിക്കുന്നത്. ഈ കേസുകളുമായി ബന്ധപ്പെട്ട ജുലൈയില്‍ കോടതി കമ്പനിക്ക് 4.7 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വിധിച്ചിരുന്നു. പരാതിക്കാരായ 22 വനിതകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനായിരുന്നു വിധി. 

1971 മുതല്‍ 2000 വരെയുള്ള കമ്പനിയുടെ രഹസ്യ രേഖകളും പഠന റിപോര്‍ട്ടുകളും പരിശോധനാ ഫലങ്ങളും തെളിവുകളുമാണ് റോയിട്ടേഴ്‌സ് പരിശോധിച്ചത്. ഇവയില്‍ പലതും കമ്പനി രഹസ്യമാക്കി വച്ചതായിരുന്നു. കമ്പനി പുറത്തിറക്കുന്ന ടാല്‍ക്ക്, ഫിനിഷ്ഡ് പൗഡറുകളില്‍ ആസ്ബസ്റ്റോസ് ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്നും എന്നാല്‍ ഇതു രഹസ്യമാക്കിയെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഏത് അളവില്‍ ശരീരത്തിലെത്തിയാലും മാരക പ്രത്യാഘാതമുണ്ടാക്കുന്ന രാസവസ്തുവാണ് ആസ്ബസ്റ്റോസ്. കമ്പനി ഉദ്യോഗസ്ഥരും മാനേജര്‍മാരും ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും അഭിഭാഷകരും ഇതറിഞ്ഞിരുന്നെങ്കിലും പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ നിയന്ത്രണ ഏജന്‍സികളില്‍ നിന്നും ഇതു മറച്ചു വച്ചു. കോസ്മറ്റിക് ടാല്‍ക്ക് ഉല്‍പ്പന്നങ്ങളിലെ ആസ്ബസ്റ്റോസിന്റെ തോതിന് പരിധി നിശ്ചിയിക്കുന്നതിന് യുഎസ് ഏജന്‍സികളെ വിജയകരമായി സ്വാധീനിക്കാന്‍ കമ്പനിക്കു കഴിഞ്ഞതായും റോയിട്ടേഴ്‌സിനു ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

കമ്പനിക്ക് അനുകൂലമായ പഠനങ്ങള്‍ നടത്താനും റിപോര്‍ട്ടുകളെഴുതാനും പണം മുടക്കിയതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 1972നും 1975നും ഇടയില്‍ മൂന്ന് വ്യത്യസ്ത ലാബുകളില്‍ നടത്തിയ പരിശോധനയില്‍ ബേബി പൗഡറില്‍ ആസ്ബസ്റ്റോസ് അടങ്ങിയതായി തെളിഞ്ഞിരുന്നു. എന്നാല്‍ 1972 ഡിസംബറിനും 1973 ഒക്ടോബറിനു ഇടയില്‍ ഉല്‍പ്പാദിപ്പിച്ച ബേബ് പൗഡറിന്റെ ഒരു സാമ്പിളിലും ആസ്ബസ്റ്റോസ് കണ്ടെത്തിയിട്ടില്ലെന്നാണ് യുഎസ് ഫൂഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് കമ്പനി ഉറപ്പു നല്‍കിയത്.

കാന്‍സര്‍ ബാധിച്ച ഉപഭോക്താക്കളുടെ പരാതികളില്‍ ഏതാനും വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നിയമക്കുരുക്കിലാണ്. നൂറ്റാണ്ടിലേറെയായി ബേബി പൗഡര്‍ വിപണിയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള കമ്പനിയാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍.  റോയിട്ടേഴ്‌സ് റിപോര്‍ട്ടിനെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി മൂല്യത്തില്‍ 12 ശതമാനം ഇടിവാണ് വെള്ളിയാഴ്ച ഉണ്ടായത്. 

Latest News