ന്യൂദല്‍ഹി- റഫാല്‍ കരാറില്‍ അന്വേഷണം ആവശ്യമില്ലെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയ കേന്ദ്ര മന്ത്രിമാര്‍ക്കും ബി.ജെ.പിക്കും ചുട്ടമറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൂന്ന് സംസ്ഥാനങ്ങളില്‍ തിളക്കമേറിയ തെരഞ്ഞെടുപ്പു നേട്ടം കൊയ്ത കോണ്‍ഗ്രസിനെ അടിക്കാന്‍ കിട്ടിയ അടി വടിയായിരുന്നു ഇന്നത്തെ സുപ്രീം കോടതി വിധി. പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് തുടങ്ങി വന്‍ നിര തന്നെ രാഹുലിനെതിരെ രംഗത്തു വന്നിരുന്നു. ഇതിനെല്ലാം ശക്തമായ മറുപടിയുമായി മുന്‍ നിലപാടില്‍ ഉറച്ചാണ് രാഹില്‍ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.
റഫാല്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയ രാഹുല്‍ ഈ ഇടപാട് പാര്‍ലമെന്റിന്റെ സംയുക്ത സമിതി (ജെ.പി.സി) അന്വേഷിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം വീണ്ടും ആവര്‍ത്തിച്ചു. ജെ.പി.സി അന്വേഷണം നടന്നാല്‍ പ്രധാനമന്ത്രി മോഡിയുടേയും വ്യവസായി അനില്‍ അംബാനിയുടേയും പേരുകള്‍ ഉയര്‍ന്നു വരുമെന്നും രാഹുല്‍ പറഞ്ഞു. 'അന്വേഷണം നടക്കുന്ന അന്ന് ഈ രണ്ടു പേരുകള്‍ പൊങ്ങിവരും. ഞാന്‍ നേരത്തെ പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയുന്നത്. കാവല്‍ക്കാരന്‍ കള്ളനാണ്'- രാഹുല്‍ മറുപടി നല്‍കി. ജെ.പി.സി അന്വേഷണം വേണമെന്ന ആവശ്യം കേന്ദ്രം തള്ളിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു. കോടതി മേല്‍നോട്ടത്തില്‍ അന്വേണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സുപ്രീം കോടതി നിരസിച്ചത്. ഇത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയല്ല.
ഇന്നത്തെ വിധിയില്‍ സുപ്രീം കോടതി പരാമര്‍ശിച്ച കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി.എ.ജി) റിപോര്‍ട്ട് എന്തു കൊണ്ട് ഇപ്പോഴും പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു (പി.എ.സി) ലഭിച്ചില്ലെന്ന് രാഹുല്‍ ചോദിച്ചു. ഇങ്ങനെ ഒരു റിപോര്‍ട്ട് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. റഫാല്‍ വില നിര്‍ണയം സംബന്ധിച്ച വിവരങ്ങള്‍ സി.എ.ജിക്ക് നല്‍കുകയും ഈ സി.എ.ജി റിപോര്‍ട്ട് പിന്നീട് പി.എ.സി പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ഈ സി.എ.ജി റിപോര്‍ട്ട് എവിടെ? ഇങ്ങനെ ഒന്നുണ്ടെങ്കില്‍ അത് ആദ്യം കാണിക്കൂ- രാഹുല്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലൊരു റിപോര്‍ട്ട് പിഎസിക്ക് ലഭിച്ചിട്ടില്ലെന്ന് പി.എ.സി അധ്യക്ഷന്‍ മല്ലികാര്‍ജന്‍ ഖാര്‍ഗെ വ്യക്തമാക്കുന്നു. ഈ റിപോര്‍ട്ടിനെ കുറിച്ച് സിഎജിയില്‍ അന്വേഷിച്ചിരുന്നുവെന്നും എന്നാല്‍ ഇത് വസ്തുതയല്ലെന്ന് വ്യക്തമായതായും ഖാര്‍ഗെ പറഞ്ഞു. സിഎജിയുടെ പക്കല്‍ അങ്ങനെ ഒരു റിപോര്‍ട്ട് ഇല്ലെങ്കില്‍ അതൊരിക്കലും പിഎസി മുമ്പാകെ വരില്ല. പിഎസിക്കു ലഭിക്കുന്ന റിപോര്‍ട്ടുകള്‍ പകര്‍പ്പെടുക്കുകയല്ല ചെയ്യുന്നത്. അത് നേരിട്ട് പാര്‍ലമെന്റിനു മുമ്പാകെ സമര്‍പ്പിക്കുകയാണ്. ഇതിനു മുമ്പായി റിപോര്‍ട്ടിലെ ഉള്ളടക്കം പരസ്യപ്പടുത്തരുതെന്നാണ് നിയമം. പിഎസിക്കു സമര്‍പ്പിച്ച റിപോര്‍ട്ട് തീര്‍ച്ചയായും പാര്‍ലമെന്റിനു മുമ്പാകെ സമര്‍പ്പിക്കുകയും അത് പൊതുജനങ്ങള്‍ക്കു മുമ്പാകെ എത്തുകയും ചെയ്യും. എന്നാല്‍ ഇതൊരിക്കലും സംഭവിച്ചിട്ടില്ല- ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവായ ഖാര്‍ഗെ പറഞ്ഞു.
റഫാലില്‍ ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങല്‍ അവശേഷിക്കുകയാണെന്നും ഈ അഴിമതി പുറത്തു കൊണ്ടു വരുമെന്നും രാഹുല്‍ വ്യക്തമാക്കി. 'ഞങ്ങളുടെ ചോദ്യങ്ങള്‍ വളരെ ലളിതമാണ്. 526 കോടി രൂപ വിലയിട്ടിരുന്ന പോര്‍വിമാനത്തിന് എങ്ങനെ 1600 കോടി രൂപയായി? പ്രതിരോധ രംഗത്തെ സര്‍ക്കാര്‍ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ മാറ്റി ഈ രംഗത്ത് മുന്‍പരിചയമില്ലാത്ത അനില്‍ അംബാനിയുടെ റിലയന്‍സ് എങ്ങനെ വന്നു?'- രാഹുല്‍ ചോദിച്ചു.
The Modi Govt continues to lie shamelessly. This time to the Supreme Court, rendering today's judgement a fabrication of the truth. Watch the highlights of the press conference by Congress President @RahulGandhi to know more.#ChowkidarPureChorHai pic.twitter.com/obcZObkE5l
— Congress (@INCIndia) December 14, 2018