ന്യൂദല്‍ഹി- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഭോപാലിലെ ലാല്‍ പരേഡ് ഗ്രൗണ്ടിലാണ് ചടങ്ങ്. ദല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കമന്‍നാഥിന്റെ പേര് സ്ഥിരീകരിച്ചത്. യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയാണ് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന രണ്ടാമന്‍. സിന്ധ്യയെ ഉപമുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിച്ചതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം എം.പിയായി തന്നെ തുടരുമെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്.
Kamal Nath, Madhya Pradesh CM designate: I would like to thank public and I hope that we will live up to the expectations that public has from us and the Congress party. Our priorities will be agriculture sector & generating employment for the youth. pic.twitter.com/Ik8w5h26Kj
— ANI (@ANI) December 14, 2018
കമല്‍നാഥും നിലവില്‍ പാര്‍ലമെന്റ് അംഗമാണ്. ഛിന്ദ്വാരയില്‍ നിന്നുള്ള എംപിയാണ്. ഈ മണ്ഡലത്തെ ലോക്‌സഭയില്‍ ഒമ്പതു തവണ പ്രതിനിധീകരിച്ച കമല്‍നാഥ് പല തവണ കേന്ദ്ര മന്ത്രിയായിരുന്നിട്ടുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ് മധ്യപ്രദേശ് അധ്യക്ഷന്‍ കൂടിയാണ് അദ്ദേഹം. മൂന്ന് ടേമുകളായി തുടര്‍ച്ചയായി ഭരിക്കുന്ന ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കാന്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് സംസ്ഥാനത്തു നടത്തിയത്. തന്റെ ആര്‍ത്തി മുഖ്യമന്ത്രി ആകാനല്ലായിരുന്നെന്നും മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചെത്തിക്കാനായിരുന്നെന്നും കമല്‍നാഥ് പറഞ്ഞു. മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയോട് ഏറെ അടുപ്പമുള്ള നേതാവാണ് കമല്‍നാഥ്. തന്റെ മൂന്നാമത്തെ മകനെന്ന് പോലും ഇന്ദിര കമല്‍നാഥിനെ വിശേഷിപ്പിച്ചിട്ടുണ്ട്.
230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 114 സീറ്റുകളാണ് ലഭിച്ചത്. രണ്ടു സീറ്റ് ലഭിച്ച ബി.എസ്.പി പിന്തുണച്ചതോടെ ഭരണം ഉറപ്പിച്ചു. കൂടാതെ ഒരു സീറ്റുള്ള എസ്.പിയും നാലു സ്വതന്ത്രരും കോണ്‍ഗ്രസിനെ പിന്തുണച്ചതോടെ 121 സീറ്റുകളുടെ പിന്‍ബലമുണ്ട്. ബി.ജെ.പിക്ക് 109 സീറ്റാണുള്ളത്.
അതേസമയം രാജസ്ഥാനില്‍ ആരാകും മുഖ്യമന്ത്രി എന്നതു സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ല. മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടും സംസ്ഥാന അധ്യക്ഷന്‍ സചിന്‍ പൈലറ്റുമാണ് പരിഗണനയിലുള്ളത്. രണ്ടു പേര്‍ക്കും വേണ്ടിയും ശക്തമായി വാദങ്ങള്‍ വന്നതോടെ തീരുമാനമാകാതെ തുടരുകയാണ്.