ശ്രീനഗര്‍- കശ്മീരില്‍ പെല്ലെറ്റ് പ്രയോഗത്തില്‍ കണ്ണിനു പരിക്കേറ്റ കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയെങ്കിലും കാഴ്ച ശക്തി തിരിച്ചുകിട്ടുമെന്ന് ഉറപ്പില്ല. താഴ് വരയില്‍ ജനക്കൂട്ടത്തെ പിരിച്ചു വിടുന്നതിന് സുരക്ഷാ സേന പ്രയോഗിക്കുന്ന പെല്ലെറ്റ് കൊണ്ട് പരിക്കേറ്റ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് 20 മാസം പ്രായമായ ഹിബ നിസാര്‍.
ശസ്ത്രക്രിയയിലൂടെ വലതുകണ്ണില്‍നിന്ന് പെല്ലെറ്റ് പുറത്തെടുത്തെങ്കിലും കാഴ്ച ശക്തി പൂര്‍ണമായും തിരിച്ചു കിട്ടാന്‍ സാധ്യതയില്ലെന്ന് സര്‍ജറിയില്‍ പങ്കെടുത്ത ഡോക്ടര്‍മാരില്‍ ഒരാള്‍ പറഞ്ഞു.
കഴിഞ്ഞ മാസം 25-ന് കപ്രാണ്‍ ഗ്രാമത്തില്‍ സുരക്ഷാ സേന നടത്തിയ പെല്ലെറ്റ് പ്രയോഗത്തിലാണ് കുട്ടിക്ക് പരിക്കേറ്റത്. സൈന്യം ആറു തീവ്രവാദികളെ കൊലപ്പെടുത്തിയ ദിവസം ഗ്രാമം സംഘര്‍ഷത്തിലായിരുന്നു. പരിക്കേറ്റ് ഒരു ദിവസം കഴിഞ്ഞ ശേഷം ഹിബക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത് രണ്ടാമത്തെ ശസ്ത്രക്രിയയാണ്. കുട്ടിക്ക് സാധാരണ ജീവിതം നയിക്കാനാകണേ എന്നാണ് പ്രാര്‍ഥനെയന്ന് ഉമ്മ പറഞ്ഞു. ഇത്തരത്തില്‍ ശിക്ഷിക്കപ്പെടാന്‍ അവള്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഇതുപോലുള്ള അനുഭവം ഒരു കുഞ്ഞിനും ഒരു കുടുംത്തിനും ഉണ്ടാകരുതേയെന്നും അവര്‍ പറഞ്ഞു.