സ്വീഡൻ സമാധാന ചർച്ചകൾ വിജയം
റിയാദ് - ഹൂത്തികളും യെമൻ ഗവൺമെന്റ് പ്രതിനിധികളും സ്വീഡനിൽ നടത്തിയ സമാധാന ചർച്ചകൾ വിജയം. ഇരുവിഭാഗവും ഒപ്പുവെച്ച കരാർ പ്രകാരം അൽഹുദൈദ തുറമുഖം, അൽഹുദൈദ നഗരം, തഇസ് എന്നിവിടങ്ങളിൽനിന്നും ഹൂത്തികൾ പിൻവാങ്ങും. അൽഹുദൈദയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. പകരം ഇവിടെ നിഷ്പക്ഷ സേനയെ വിന്യസിക്കും. ആയിരക്കണക്കിന് ബന്ദികളെയും തടവുകാരെയും ഇരു വിഭാഗവും കൈമാറും. യെമൻ സംഘർഷത്തിന് പരിഹാരം കാണുന്നതിനുള്ള രാഷ്ട്രീയ ചട്ടക്കൂടിനെ കുറിച്ച് ജനുവരിയിൽ ചർച്ചകൾ നടത്താൻ ഇരു വിഭാഗവും ധാരണയിലെത്തിയതായി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. അൽഹുദൈദ തുറമുഖത്തിന്റെയും നഗരത്തിന്റെയും കാര്യത്തിലുണ്ടാക്കിയ ധാരണ ദശലക്ഷക്കണക്കിന് യെമനികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്ന് യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു. തഇസിൽ ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നതിനും ധാരണയിലെത്തിയിട്ടുണ്ട്.
സഖ്യസേന നടത്തുന്ന ശ്രമങ്ങളാണ് സമാധാന ചർച്ചകൾക്ക് ഹൂത്തികളെ നിർബന്ധിതരാക്കിയതെന്ന് യെമനിലെ സൗദി അംബാസഡർ മുഹമ്മദ് ആലുജാബിർ പറഞ്ഞു. സ്വീഡൻ കരാറിനെ യു.എ.ഇ സ്വാഗതം ചെയ്തു. അൽഹുദൈദയിൽ ഹൂത്തികൾക്കു മേൽ സഖ്യസേനയും യെമൻ സൈന്യവും നടത്തിയ സൈനിക സമ്മർദം ഫലം നൽകിയതായി യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. സൻആ എയർപോർട്ട് തുറക്കുന്ന കാര്യത്തിൽ സ്വീഡൻ ചർച്ചയിൽ ധാരണയായില്ല. സൻആയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ഹൂത്തികളുടെ കടുംപിടിത്തമാണ് എയർപോർട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്ന് ചർച്ചയിൽ പങ്കെടുത്ത യെമൻ ഗവൺമെന്റ് പ്രതിനിധി സംഘം അംഗം ഹംസ അൽകമാലി പറഞ്ഞു.