ന്യൂദൽഹി- പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 7000 കോടി രൂപ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി മെഹുൽ ചോക്‌സിക്കായി ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.
ചോക്‌സിയെ കണ്ടെത്താനായി സി.ബി.ഐയുടെ അപേക്ഷ പരിഗണിച്ചാണ് ഇത്. ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷനെന്ന ഇന്റർപോൾ പുറപ്പെടുവിക്കുന്ന അന്താരാഷ്ട്ര അറസ്റ്റ് വാറന്റാണ് റെഡ് കോർണർ നോട്ടീസ്. ഇന്റർപോളിൽ അംഗങ്ങളായ രാജ്യങ്ങളുടെ അപേക്ഷ പരിഗണിച്ചാണ് അതത് രാജ്യങ്ങളിൽ നിന്നും പലായനം ചെയ്യുന്ന ക്രിമിനലുകൾക്കെതിരെ നോട്ടീസ് പുറപ്പെടുവിക്കുക. മെഹുൽ ചോക്‌സിയെയും അനന്തരവൻ നീരവ് മോഡിയെയും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 14,000 കോടി വെട്ടിച്ചതിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും തിരയുകയാണ്. നീരവ് മോഡിയുടെ സഹോദരി പുർവി മോഡിക്കെതിരെ ഇന്റർപോൾ നേരത്തെ തന്നെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബെൽജിയം പൗരത്വമുള്ള പുർവിയും സഹോദരൻ നിശ്ചൽ മോഡിയും പഞ്ചാബ് നാഷണൽ ബാങ്ക് വെട്ടിപ്പിൽ പങ്കാളികളാണ്. ചോക്‌സി, നീരവ് മോഡി, ഭാര്യ ആമി, സഹോദരൻ നിഷാൽ എന്നിവർ കഴിഞ്ഞ ജനുവരിയിൽ ബെൽജിയത്തിലേക്ക് കടന്നിരുന്നു.
സിബിഐയുടെ ചാർജ് ഷീറ്റ് പ്രകാരം ചോക്‌സി 7000 കോടി വെട്ടിച്ചാണ് കടന്നത്. 6000 കോടി തട്ടിച്ച് നീരവ് മോഡിയും ചോക്‌സിയുടെ കമ്പനിക്ക് നൽകിയ അധിക കടബാധ്യതയായ 5000 കോടിയും ഇതിൽ ഉൾപ്പെടും.