പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിൽ നടന്ന 21 രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. നരേന്ദ്രമോഡി സർക്കാരിനെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ യോജിച്ചു നേരിടാനുതകുന്ന ഒരു കർമപരിപാടിക്ക് രൂപം നൽകാൻ യോഗത്തിൽ ധാരണയായി. എന്നാൽ ലോക്‌സഭയിലേക്ക് എൺപതംഗങ്ങളെ തെരഞ്ഞെടുത്തയക്കുന്ന യുപിയിൽ നിന്നുള്ള എസ്പി,ബിഎസ്പി എന്നീ പാർട്ടികളുടെ ആ യോഗത്തിലെ അസാന്നിധ്യം അവഗണിക്കപ്പെട്ടുകൂടാ.
പൊതു തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കഴിഞ്ഞ ദിവസം പുറത്തുവന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ മഹാഭൂരിപക്ഷം ജനങ്ങളും തെല്ലൊരു ആശ്വാസത്തോടെയാണ് ശ്രവിച്ചത്.
ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ പ്രകടനം കർഷകരും തൊഴിലാളികളും ഇടത്തരക്കാരുമടക്കം ജനസാമാന്യത്തിന്റെ ജീവിതത്തിൽ എന്ത് മാറ്റമാണ് ഉണ്ടാക്കുക എന്നത് കാത്തിരുന്നു കാണുക തന്നെ വേണം. എന്നാൽ, ഇന്ത്യ എന്ന മഹത്തായ സങ്കൽപത്തിന്റെ അടിത്തറയായി വർത്തിക്കുന്ന ജനാധിപത്യം, മതനിരപേക്ഷത, ഭരണഘടന എന്നിവയ്ക്കുനേരെ ഉയരുന്ന വെല്ലുവിളികളെ വലിയൊരളവ് പ്രതിരോധിക്കുന്നതിൽ ജനങ്ങൾക്ക് തെരഞ്ഞെടുപ്പ് ഫലങ്ങൾ ആത്മവിശ്വാസം പകർന്നു നൽകും. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബി ജെ പി അധ്യക്ഷൻ അമിത്ഷായുടെയും നേതൃത്വത്തിൽ തീവ്രഹിന്ദുത്വ കോർപ്പറേറ്റ് അനുകൂല ശക്തികൾ നടത്തുന്ന ജൈത്രയാത്ര അപ്രതിരോധ്യമാണെന്ന അവകാശവാദത്തിനും മിഥ്യാബോധത്തിനുമാണ് ഹിന്ദി ഹൃദയഭൂമികയിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ വിള്ളൽ വീഴ്ത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങളുടെ സൂക്ഷ്മ വിവരങ്ങളും വിശകലനവും ഇനിയും വരാനിരിക്കുന്നതേയുള്ളു. മിസോറാമിലും തെലങ്കാനയിലും കോൺഗ്രസിനും കോൺഗ്രസ് നേതൃത്വം നൽകിയ മുന്നണിക്കുമെതിരെ മിസോ നാഷണൽ ഫ്രണ്ടും (എംഎൻഎഫ്) തെലുങ്കാനാ രാഷ്ട്രസമിതിയും വിശ്വസനീയമായ വിജയം കൈവരിച്ചു.
ഛത്തീസ്ഗഡിൽ മുഖ്യപ്രതിപക്ഷമായിരുന്ന കോൺഗ്രസ് ബി ജെ പിയെ നേരിട്ടുള്ള മത്സരത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി. മധ്യപ്രദേശിൽ വോട്ടെണ്ണലിന്റെ ഓരോ ഘട്ടവും ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിന്റെ ചിത്രമാണ് ഇത് എഴുതുമ്പോഴും കാഴ്ചവയ്ക്കുന്നത്. വോട്ടെണ്ണലിന്റെ മധ്യഘട്ടത്തിൽ ഗവൺമെന്റ് രൂപീകരണത്തിന് കോൺഗ്രസിന് പിന്തുണ നൽകുമെന്ന പ്രഖ്യാപനവുമായി ബഹുജൻ സമാജ് പാർട്ടി രംഗത്തുവന്നിരുന്നു.
അനുനിമിഷം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന നേരിയ ലീഡിന്റെ പശ്ചാത്തലത്തിൽ ആ പിന്തുണ എത്രത്തോളം പ്രസക്തമാണെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്. രാജസ്ഥാനിലും തുടക്കത്തിൽ പ്രതീക്ഷിച്ചത്ര സുഗമമായ മുന്നേറ്റം ഉറപ്പുവരുത്താൻ കോൺഗ്രസിന് ഇതെഴുതുമ്പോഴും കഴിഞ്ഞിട്ടില്ല.
ബിജെപിയുടെ അപ്രതിരോധ്യതയിൽ വിള്ളൽ വീഴ്ത്താനായി എന്നതിലുപരി കോർപറേറ്റ് പണക്കൊഴുപ്പിന്റെയും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള അധികാര രാഷ്ട്രീയത്തിന്റെയും പിന്തുണയോടെ ജനാധിപത്യമൂല്യങ്ങൾക്കും സ്ഥാപനങ്ങൾക്കുമെതിരെ അവർ നടത്തുന്ന കടന്നുകയറ്റങ്ങളെ ചെറുക്കാൻ വിശാല പ്രതിപക്ഷ പ്രതിരോധനിരയെന്ന ആവശ്യത്തിനാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ അടിവരയിടുന്നത്.
മധ്യപ്രദേശിൽ ഇതെഴുതുമ്പോൾ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വോട്ടിങ് ശതമാനത്തിലെ അന്തരം ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്ന് കാണാം. ഇരു പാർട്ടികളുടെയും വോട്ടിങ് ശതമാനം ഏതാണ്ട് 41 ശതമാനം വീതമാണ്. അവിടെ ബി എസ് പിക്ക് നാല് ശതമാനത്തിനുമേൽ വോട്ടുകൾ നേടാനായതായാണ് സൂചന.
കോൺഗ്രസും ബിഎസ്പിയും ഈ യാഥാർഥ്യം മുൻകൂട്ടിക്കാണാനും വിട്ടുവീഴ്ചാ മനോഭാവത്തോടെ തെരഞ്ഞെടുപ്പ് പൂർവ മുന്നണിക്ക് സന്നദ്ധമായിരുന്നെങ്കിൽ പതിനഞ്ചു വർഷം നീണ്ട ബി ജെ പി ഭരണത്തിന് ഇക്കുറി വിരാമമിടാൻ തീർച്ചയായും കഴിയുമായിരുന്നു. രാജസ്ഥാനിലെ വോട്ടെണ്ണലിന്റെ അവസാന നിലയും അത്തരമൊരു സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അസംബ്ലി തെരഞ്ഞെടുപ്പു നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങൾ കൂടി ലോക്‌സഭയിലേക്ക് 65 അംഗങ്ങളെയാണ് തെരഞ്ഞെടുത്തയക്കേണ്ടത്. 2014 പൊതു തെരഞ്ഞെടുപ്പിൽ അവയിൽ 62 സീറ്റുകളും ബിജെപി നേടിയെടുത്തുവെന്നത് അവഗണിക്കാനാവാത്ത വസ്തുതയാണ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ കോൺഗ്രസ് 13 സംസ്ഥാനങ്ങളിലാണ് ഭരണം കയ്യാളിയിരുന്നത്. ഇപ്പോൾ അത് കേവലം രണ്ട് സംസ്ഥാനങ്ങളിലായി ഒതുങ്ങിയിരിക്കുന്നു. ആ യാഥാർഥ്യം വിസ്മരിച്ചുകൊണ്ട് പൊതുതെരഞ്ഞെടുപ്പിനെ നേരിടാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അവരും രാജ്യവും അതിന് വലിയ വില നൽകേണ്ടി വരും.
പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്ര തലസ്ഥാനത്തു നടന്ന 21 രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. നരേന്ദ്രമോഡി സർക്കാരിനെ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ യോജിച്ചു നേരിടാനുതകുന്ന ഒരു കർമപരിപാടിക്ക് രൂപം നൽകാൻ യോഗത്തിൽ ധാരണയായി.
എന്നാൽ ലോക്‌സഭയിലേക്ക് എൺപതംഗങ്ങളെ തെരഞ്ഞെടുത്തയക്കുന്ന യുപിയിൽ നിന്നുള്ള എസ്പിബിഎസ്പി എന്നീ പാർട്ടികളുടെ ആ യോഗത്തിലെ അസാന്നിധ്യം അവഗണിക്കപ്പെട്ടുകൂട. മാത്രമല്ല, ദളിത് പിന്നോക്ക, മതന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ചെറുതും വലുതുമായ സാമൂഹികരാഷ്ട്രീയ ധാരകളും തീവ്ര വർഗീയതക്കെതിരായ ചെറുത്തുനിൽപിൽ നിർണായകമാണ്.
സൗഹൃദത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും തുറന്ന സമീപനത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമെ ഒരു പൊതുവേദിക്ക് രൂപം നൽകാനും അതിനെ നിലനിർത്താനുമാവൂ.