തിരുവനന്തപുരം- തലസ്ഥാനത്ത് ബി.ജെ.പി സമരപ്പന്തലിന് സമീപം അയ്യപ്പഭക്തൻ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേരളത്തിൽ നാളെ ഹർത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു. ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടകരെ ഹർത്താലിൽനിന്ന് ഒഴിവാക്കിയതായും ബി.ജെ.പി അറിയിച്ചു. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാൽ നായരാണ് ഇന്ന് പുലർച്ചെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. ബി.ജെ.പി സംസ്ഥാന നേതാവ് സി.കെ പത്മനാഭന്റെ സമരപ്പന്തലിന് തൊട്ടടുത്തായിരുന്നു സംഭവം. സമരപ്പന്തലിന്റെ എതിർഭാഗത്ത് റോഡരികിൽനിന്ന് ശരീരത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തി സമരപ്പന്തലിലേക്ക് ഓടിവരികയായിരുന്നു ഇയാൾ. ബി.ജെ.പി പ്രവർത്തകരും പോലീസും ചേർന്ന് തീയണച്ച് ആശുപത്രിയിൽ എത്തിച്ചു.