ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധികാരം പിടിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും ആരാകും മുഖ്യമന്ത്രിമാര്‍ എന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഉടന്‍ തീരുമാനിക്കും. ദല്‍ഹിയില്‍ ഇതു സംബന്ധിച്ച തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. രണ്ടു സംസ്ഥാനങ്ങളിലും രണ്ടു വീതം നേതാക്കളാണ് മുഖ്യമന്ത്രി പദത്തിനായി രംഗത്തുള്ളത്. മധ്യപ്രദേശില്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ കമല്‍നാഥ് മുഖ്യമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായതായി പാര്‍ട്ടി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി പദത്തില്‍ കണ്ണുള്ള യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക ഉപമുഖ്യമന്ത്രി പദവി നല്‍കിയേക്കും.
അതേസമയം രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സചിന്‍ പൈലറ്റിനുമിടയിലുള്ള മത്സരം കടുത്തിരിക്കുകയാണ്. ഇരുവരും ദല്‍ഹിയിലെത്തിയിട്ടുണ്ട്. രാഹുലിനെ നേരിട്ട് കാണുന്നു. മുതിര്‍ന്ന നേതാവായ ഗെഹ്‌ലോട്ടിനാണ് മുന്‍തൂക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പു കൂടി അടുത്തു വന്ന സാഹചര്യത്തില്‍ ഗെഹ്‌ലോട്ടാണ് മുഖ്യമന്ത്രി പദവിക്ക് അനുയോജ്യനെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. അതേസമയം എംഎല്‍എമാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ പൈലറ്റിന് ലഭിച്ചതായും റിപോര്‍ട്ടുണ്ട്. ഇതോടെ തീരുമാനം വൈകുകയാണ്. പാര്‍ട്ടിയെ സംസ്ഥാനത്ത് നാലു വര്‍ഷം നയിച്ച് വിജയത്തിലെത്തിക്കാന്‍ നേതൃത്വം നല്‍കിയതാണ് പൈലറ്റിന് മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ ദേശീയ നേതൃനിരയിലെ നിര്‍ണായക നേതാവാണ് ഗെഹ്‌ലോട്ട്. ഇരുവരേയും പിണക്കാനാവില്ല എന്നതിനാല്‍ സ്വീകാര്യമായ ഒരു ഫോര്‍മുലയ്ക്കാണ് പാര്‍ട്ടിയുടെ ശ്രമം.
പാര്‍ട്ടിയുടെ മെസേജിങ് ആപ്പ് വഴി 2.4 ലക്ഷത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ നേരിട്ട് അഭിപ്രായം തേടിയിരുന്നു. ഇതു കൂടി പരിഗണിച്ചാകും രാഹുല്‍ അന്തിമ തീരുമാനം എടുക്കുക. ഇരു സംസ്ഥാനങ്ങളിലേക്കും അയച്ച കേന്ദ്ര നിരീക്ഷകരായ എ.കെ ആന്റണിയും കെ.സി വേണുഗോപാലും രാഹുലിന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്.