ന്യുദല്‍ഹി- ഓണ്‍ലൈന്‍ വഴി മരുന്ന് വില്‍പ്പന നടത്തുന്നതിന് രാജ്യത്തുടനീളം വിലക്കേര്‍പ്പെടുത്തി ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഇത് ഉടന്‍ നടപ്പിലാക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോടും ദല്‍ഹി സര്‍ക്കാരിനോടും ആവശ്യപ്പെടുകയും ചെയ്തു. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി.കെ റാവു എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. രാജ്യത്തുടനീളം ലക്ഷക്കണക്കിന് മരുന്നുകള്‍ ഇന്റര്‍നെറ്റ് വഴി ദിവസവും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വില്‍ക്കപ്പെടുന്നുണ്ടെന്നും ഇത് രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരുപോലെ വലിയ ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി ഡോക്ടര്‍ സഹീര്‍ അഹമദ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വിധി. 1940ലെ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമവും 1948ലെ ഫാര്‍മസി നിയമവും മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന അനുവദിക്കുന്നില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന തടയണമെന്ന് 2015ല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന തുടരുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. മരുന്ന് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യത ഏറെയാണെന്നും ഇതു പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണെന്നും കോടതിയില്‍ ഹര്‍ജിക്കാരന്‍ വാദിച്ചു. ഓണ്‍ലൈന്‍ ഫാര്‍മസികള്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതുവഴി നിലവാരമില്ലാത്തതും പേരുമാറ്റിയും മരുന്നുകള്‍ വില്‍പ്പന നടക്കുന്നു. മയക്കുമരുന്നുകളും ഇന്റര്‍നെറ്റിലൂടെ വേഗത്തില്‍ വാങ്ങാം. ഇത് കുറ്റകൃത്യങ്ങള്‍ക്കും മറ്റും ഉപയോഗപ്പെടുത്താനിടയുണ്ട്-ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന നടത്തുന്ന ഇ-ഫാര്‍മസികള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതടക്കമുള്ള നിയന്ത്രങ്ങള്‍ കൊണ്ടു വരുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെപ്തംബറില്‍ കരട് ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു.