- രാജസ്ഥാനില്‍ ഗെഹ് ലോട്ടിനും മധ്യപ്രദേശില്‍ കമല്‍നാഥിനും സാധ്യത, ഛത്തീസ്ഗഢില്‍ അവ്യക്ത
ന്യൂദല്‍ഹി- കഠിനാധ്വാനത്തിലൂടെ തിരിച്ചുപിടിച്ച ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ ആരു നയിക്കുമെന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ് ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പായതോടെ ഏവരും ഉറ്റുനോക്കുന്നത് ആരാകും മുഖ്യമന്ത്രിമാര്‍ എന്നാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും രണ്ടു പേര്‍ വീതവും ഛത്തീസ്ഗഢില്‍ നാലു പേരുമാണ് ചര്‍ച്ചകളില്‍ ഉളളത്.
മധ്യപ്രദേശില്‍
മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥ്, ജനപ്രിയ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് രംഗത്തുള്ളത്. ഇവിടെ കമല്‍നാഥിന് കൂടുതല്‍ പിന്തുണ ലഭിച്ചതായി സൂചനയുണ്ട്. താന്‍ ജനങ്ങളുടെ സേവനകനാണെന്നും പാര്‍ട്ടി നല്‍കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്ന് ജ്യോതിരാദിത്യ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു പേരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. ഇരുവരും നിലവില്‍ എം.പിമാരാണ്. സംസ്ഥാനത്തേക്ക് നിരീക്ഷകനായി അയച്ച മുതിര്‍ന്ന നേതാവ് എ.കെ ആന്റണി ഭോപാലിലുണ്ട്. നേതൃത്വവുമായി ചര്‍ച്ച നടത്തി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടേയും നേതാക്കളുടേയും അഭിപ്രായം ആരാഞ്ഞു. ഭൂരിപക്ഷം പേരും കമല്‍നാഥിനെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാഹുലിന്റെ തീരുമാനം ഇന്നുണ്ടാകും.
രാജസ്ഥാനില്‍
മുന്‍ മുഖ്യമന്ത്രിയും ദേശീയ നേതൃത്വത്തിലെ സജീവ നേതാവുമായ അശോക് ഗെഹ് ലോട്ട്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും യുവ നേതാവുമായ സചിന്‍ പൈലറ്റ് എന്നിവരാണ് രാജസ്ഥാനില്‍ മുഖ്യമന്ത്രി കസേരയ്ക്കു മുന്നിലുള്ളത്്. ഗെഹ്‌ലോട്ടിന് നറുക്ക് വീണേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ ഇരുവര്‍ക്കും വേണ്ടി വാദിക്കുന്നവരുടെ രണ്ടു ചേരികള്‍ രൂപപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ ഭൂരിപക്ഷവും സചിന്‍ പൈലറ്റിനെ പിന്തുണച്ചതായും റിപോര്‍ട്ടുണ്ട്. എന്നാല്‍ ലോക്്‌സഭാ തെരഞ്ഞെടുപ്പു കൂടി അടുത്തു വന്ന സാഹചര്യത്തില്‍ ഗെഹ്‌ലോട്ടിനെ ഒരിക്കലും അവഗണിക്കാന്‍ പറ്റില്ലെന്നതാണ് വസ്തുത. ഇരുവരേയും തൃപ്തിപ്പെടുത്തുന്ന ഒരു ഫോര്‍മുലയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. ഒരാള്‍ ദേശീയ തലത്തില്‍ ഉന്നത പദവി നല്‍കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. കെ.സി വേണുഗോപാലാണ് രാജസ്ഥാനിലെ നിരീക്ഷന്‍. അദ്ദേഹം വ്യാഴാഴ്ച രാഹുല്‍ ഗാന്ധിക്ക് റിപോര്‍ട്ട് നല്‍കും. രാഹുലിന്റെ തീരുമാനം ഇന്നുണ്ടാകും.
ഛത്തീസ്ഗഢില്‍
സംസ്ഥാന അധ്യക്ഷന്‍ ഭൂപേഷ് ഭഗല്‍, പ്രതിപക്ഷ നേതാവായിരുന്ന ടി.എസ് സിങ്‌ദോ, മുതിര്‍ന്ന നേതാവ് ചന്ദ്രദാസ് മഹന്ദ് എന്നിവരെ കൂടാതെ തമര്‍ധ്വജ് സാഹു എന്നീ നാലു പേരാണ് രംഗത്തുള്ളത്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെ കേന്ദ്ര നിരീക്ഷനായി എത്തിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കണ്ടു അഭിപ്രായം തേടി. നീണ്ട യോഗത്തിനു ശേഷം പാര്‍ട്ടി സഭാ നേതാവ് ആരെന്ന തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു വിട്ടതായി അദ്ദേഹം അറിയിച്ചു. ഛത്തീസ്ഗഢില്‍ ആരാകുമെന്നത് സംബന്ധിച്ച് സൂചനകളൊന്നുമില്ല. രാഹുല്‍ ഇക്കാര്യം ഇന്ന് പരിഗണിക്കുമെന്നാണ് നേതൃത്വം അറിയിച്ചത്.