Sorry, you need to enable JavaScript to visit this website.

മോഡിയെ പുറത്താക്കാൻ  ഇടത് ചേരി നിർണായകം -കോടിയേരി

ജിദ്ദ- നരേന്ദ്ര മോഡിയുടെ ജനവിരുദ്ധ നയങ്ങൾക്കും ഇന്ത്യൻ ബഹുസ്വരതയെ ശിഥിലമാക്കുന്ന പിന്തിരിപ്പൻ നിലപാടുകൾക്കും വർഗീയ വിഭജനത്തിലൂടെ നമ്മുടെ മഹാ പൈതൃകത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനുമെതിരായ വിജയമാണ് അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും 2019 ലെ പൊതു തെരഞ്ഞെടുപ്പിൽ മോഡി ഭരണത്തെ സ്ഥാനഭ്രഷ്ടമാക്കാനുള്ള കരുത്തുറ്റ സമര നിരയിൽ ഇടത് മതേതര പാർട്ടികൾക്ക് നിർണായക പങ്കാളിത്തം വഹിക്കാനാകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിച്ചു. ബി.ജെപിയെ എതിർക്കുന്ന 21 പാർട്ടികളുടെ യോഗം ഈ രംഗത്തെ പുതിയ ദിശാസൂചികയാണെന്നും മാറിനിന്ന രണ്ടു പ്രമുഖ പാർട്ടികൾ കൂടി ഈ വിശാല ഐക്യനിരയിൽ പങ്കാളികളായി തെരഞ്ഞെടുപ്പ് പോരാട്ടം സജീവമാക്കണമെന്നുമാണ് സി.പി.എം ആഗ്രഹിക്കുന്നതെന്നും ജിദ്ദയിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ കോടിയേരി മലയാളം ന്യൂസിനോട് പറഞ്ഞു. യു.പി.എ മാതൃകയിലുള്ള കേന്ദ്ര ഭരണത്തിന്റെ സാധ്യതകൾക്ക് ഇനിയും വഴി തുറക്കുമെന്നാണ് പാർട്ടി കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ കോൺഗ്രസിന്റെ നിലപാട് മതേതര പ്രസ്ഥാനങ്ങളുടെ പ്രഖ്യാപിത നയങ്ങളിൽ വെള്ളം ചേർക്കുന്നതാണെന്നും പുരോഗമന നയങ്ങളോട് പുറംതിരിഞ്ഞിരിക്കുന്ന അവരുടെ രാഷ്ട്രീയം ജനവിരുദ്ധ കക്ഷികൾക്കും വർഗീയ പാർട്ടികൾക്കും മാത്രമേ സഹായകമാകൂവെന്നും ഇനിയെങ്കിലും അതിന്റെ നേതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. നവോത്ഥാനത്തിന്റെ പാതയിൽ ബഹുദൂരം സഞ്ചരിക്കുന്ന കേരളത്തിലെ ഇടത് മുന്നണിയും സർക്കാരും ഇത്രയും ജനപ്രിയമായതിന്റെ പിന്നിൽ പിന്തിരിപ്പൻ-ഫ്യൂഡൽ ശക്തികളോടുള്ള സന്ധിയില്ലാത്ത സമരത്തിന്റെ ഗുണഫലമാണെന്നും സി.പി.എം നേതാവ് അവകാശപ്പെട്ടു. നവകേരള നിർമിതിയിൽ ഇടത് പാർട്ടികളോടൊപ്പമാണ് കോൺഗ്രസ് നിൽക്കേണ്ടത്. അവരുടെ ദേശീയ നേതാക്കൾക്ക് അക്കാര്യമറിയാമെങ്കിലും അന്ധമായ സി.പി.എം വിരോധം വെച്ചു പുലർത്തുന്ന, സങ്കുചിത മനസ്‌കരായ ചില സംസ്ഥാന നേതാക്കൾ ആ പാർട്ടിയെ ഇരുട്ടിലേക്ക് നയിക്കുകയാണ്. വനിതാ മതിലിൽ 40 ലക്ഷം സ്ത്രീകൾ പങ്കാളികളാകുമെന്നും നവോത്ഥാന പാരമ്പര്യത്തിന് സമകാലിക യാഥാർഥ്യങ്ങളുടെ പുതിയ ഊടും പാവും നൽകുന്നതായിരിക്കും ജാതീയതക്കും വർഗീയതക്കുമെതിരായി ഉയർന്നു വരുന്ന ഈ മനുഷ്യ ഭിത്തിയെന്നും കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. 
പ്രവാസി പ്രശ്‌നങ്ങളിൽ ഇടത് സർക്കാർ സജീവമായി ഇടപെടുമെന്നും പ്രവാസി ചിട്ടി പോലുള്ള വിപ്ലവകരമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ കുടുംബത്തെ സംരക്ഷിക്കാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും ലോക കേരളസഭ പോലുള്ള പ്രസ്ഥാനങ്ങൾക്ക് പ്രവാസ ലോകത്തും നാട്ടിലും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും കോടിയേരി പറഞ്ഞു. 
തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതുൾപ്പെടെയുള്ള ജനാധിപത്യ വിരുദ്ധ നിലപാടും അക്രമ മാർഗങ്ങളും ഉപേക്ഷിക്കുകയാണെങ്കിൽ സി.പി.ഐ എം.എൽ പോലുള്ള മാവോയിസ്റ്റ് കക്ഷികളുമായി സഹകരിക്കുന്ന കാര്യം സി.പി.എം പരിഗണിക്കുമെന്ന് ചോദ്യത്തിനുത്തരമായി സി.പി.എം നേതാവ് പറഞ്ഞു.

Latest News