ഏകസിവിൽ കോഡ് നടപ്പാക്കണം
ന്യൂദൽഹി- നരേന്ദ്ര മോഡി സർക്കാരിന് കീഴിൽ ഇന്ത്യയെ ആരും ഇസ്‌ലാമിക രാജ്യമാക്കി മാറ്റാൻ ശ്രമിക്കില്ലെന്ന് മേഘാലയ ഹൈക്കോടതി. അങ്ങനെ സംഭവിച്ചാൽ, അതൊരു അന്ത്യവിധി ദിനമായിരിക്കുമെന്നും ജസ്റ്റിസ് എസ്.ആർ സെൻ വിധി ന്യായത്തിൽ വ്യക്തമാക്കി. ഇതിന്റെ ഗാംഭീര്യം നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് മനസിലാകുമെന്നും അതിനു വേണ്ട കാര്യങ്ങൾ അവർ ചെയ്യുമെന്നും എനിക്ക് ഉറപ്പാണെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്. സൈനിക റിക്രൂട്ട്‌മെന്റിന് സ്ഥിര താമസക്കാരനാണെന്നുള്ള സർട്ടിഫിക്കറ്റ് നിരസിച്ചതുമായുള്ള ഹരജിയിൽ വാദം കേൾക്കവെയാണ് മേഘാലയ ഹൈക്കോടതിയുടെ വിവാദ പരാമർശങ്ങൾ. ഇന്ത്യയിലെ നിയമങ്ങളേയും ഭരണഘടനയേയും എതിർക്കുന്ന ഒരാളെ ഈ രാജ്യത്തെ പൗരനായി അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് വരുന്ന ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യൻ, ഖാസിസ്, ജെയ്ന്റ്‌റിയാസ്, ഗാരോസ് സമുദായങ്ങളോട് ഒരു ചോദ്യവും ചോദിക്കാതെയും രേഖകൾ ആവശ്യപ്പെടാതെയും ഇന്ത്യൻ പൗരത്വം നൽകാൻ നിയമം കൊണ്ടുവരണമെന്നും ഹൈക്കോടതി കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. മേൽപ്പറഞ്ഞ സമുദായങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി നിയമ നിർമ്മാണം കൊണ്ടുവരാൻ ആവശ്യമായ നടപടികൾ എടുക്കുന്നതിന് ഉത്തരവിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങൾക്ക് അയച്ച് കൊടുക്കണമെന്നും മേഘാലയ ഹൈക്കോടതിയിലെ കേന്ദ്ര സർക്കാരിന്റെ അസിസ്റ്റന്റ് സൊളിസിറ്റർ ജനറലായ എ. പോളിന് ജസ്റ്റിസ് എസ്.ആർ സെൻ നിർദേശം നൽകി.
ഇന്ത്യാവിഭജന സമയത്ത് ലക്ഷക്കണക്കിന് സിക്കുക്കാരും ഹിന്ദുക്കളും കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ബലാൽസംഗത്തിനിരയാവുകയും, അവരുടെ പൂർവ്വ പിതാക്കളുടെ സ്വത്തുവകകൾ നിർബന്ധിതമായി ഉപേക്ഷിക്കാനും ഇടയായിട്ടുണ്ട്. ഇവരുടെ ജീവിതവും അന്തസ്സും രക്ഷിക്കാൻ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അവരെ നിർബന്ധിപ്പിക്കണം. വിഭജനത്തിന് ശേഷം പാക്കിസ്ഥാൻ ഇസ്‌ലാമിക രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ട ഇന്ത്യ ഒരു ഹിന്ദു രാജ്യമായി പ്രഖ്യാപിക്കപ്പെടണമായിരുന്നു. പക്ഷേ, ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമായി തുടരുകയാണെന്നും വിധിന്യായത്തിൽ പറയുന്നു. കൂടാതെ, രാജ്യത്തെ നിയമവും ഭരണഘടനയും അനുസരിച്ച് രാജ്യത്തെ എല്ലാ പൗരൻമാർക്കും ഒരു ഏക സിവിൽ കോഡ് നടപ്പാക്കണമെന്നും വിവാദ വിധിയിലൂടെ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുണ്ട് സെൻ. എന്നാൽ, രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് തലമുറകളായി ഇന്ത്യയിൽ താമസിക്കുന്ന എന്റെ മുസ്‌ലിം സഹോദരി സഹോദരൻമാർക്കെതിരല്ല താനെന്നും അവരെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.