മുംബൈ- സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ തോൽവിയിൽ ബി.ജെ.പിയെ പരിഹസിച്ച് ശിവസേന മുഖപത്രം. കോൺഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പിയുടെ വ്യാമോഹം തകർന്നെന്ന് ശിവസേന പറഞ്ഞു. അഞ്ച് വർഷം മുമ്പ് മോഡിയെ എല്ലാവരും കണ്ണും പൂട്ടി വിശ്വസിച്ചിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല കാര്യങ്ങൾ.
ഛത്തീസ്ഗഢിൽ ബിജെപിയുടെ ചാണക്യ തന്ത്രങ്ങൾ പൊളിഞ്ഞു. മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാൻ മോഡിയേക്കാൾ പ്രശസ്തനായിട്ടും ബിജെപി വീണു. രാജസ്ഥാനിൽ നിർഭാഗ്യം കൊണ്ടാണ് കോൺഗ്രസിന് സീറ്റുകൾ കുറഞ്ഞതെന്നും ശിവസേന പറഞ്ഞു. നിലവിൽ അഞ്ച് സംസ്ഥാനങ്ങളും ബിജെപി മുക്തമായെന്നും ശിവേസന പരിഹസിച്ചു. ബിജെപി കരുതിയിരുന്നത് എല്ലാ തെരഞ്ഞെടുപ്പുകളും അവർക്ക് വിജയിക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നാണ്. എന്നാൽ ഈ പൊള്ളയായ വിശ്വാസം തകർത്തെറിയപ്പെട്ടു. എപ്പോഴും ജനങ്ങളെ പറ്റിക്കാനാവില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സ്വന്തം സുഹൃത്തുക്കളെ വരെ ബിജെപി തോൽപ്പിച്ചു. ഇപ്പോൾ അവർ ആ കുഴിയിൽ വീണിരിക്കുകയാണ്. കർഷകരുടെ പ്രശ്‌നം, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നീ കാര്യങ്ങളെ പ്രധാനമന്ത്രി അവഗണിച്ചു. അദ്ദേഹത്തിന് നാടുനീളെ യാത്രകൾ നടത്താനായിരുന്നു താൽപര്യം. അദ്ദേഹം വൈകാരികമായി ഉയർത്തിയ കാര്യങ്ങളൊക്കെ ഇത്തവണ പരാജയപ്പെട്ടു. രാഹുൽ ഗാന്ധി തന്നെ ഭാരത് മാതാ കീ പറയുന്നതിൽ നിന്ന് തടയുന്നു എന്ന് പറയുന്ന പ്രധാനമന്ത്രി വലിയ പരിഹാസമാണെന്നും ശിവസേന മുഖപത്രമായ സാംന പറഞ്ഞു.