Sorry, you need to enable JavaScript to visit this website.

വിജയം കമൽനാഥിന്റെ  തന്ത്രങ്ങൾക്കുള്ള അംഗീകാരം 

ഭോപാൽ- തുടർച്ചയായി നാലാം തവണയും അധികാരത്തിൽ എത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്ക് മധ്യപ്രദേശിൽ തടയിട്ടത് പി.സി.സി അധ്യക്ഷനായ കമൽനാഥിന്റെ തന്ത്രങ്ങൾ. ആവശ്യത്തിലേറെ ആത്മവിശ്വാസവുമായിട്ടായിരുന്നു ബി.ജെ.പി ഇത്തവണ മധ്യപ്രദേശിൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ പാർട്ടിക്ക് നാലാം തവണയും വിജയിക്കാൻ കഴിയുമെന്ന് ബിജെപി ഉറച്ചു വിശ്വസിച്ചു. 
മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും മധ്യപ്രദേശിൽ ബിജെപി വിജയിക്കുമെന്നായിരുന്നു പ്രവചിച്ചത്. എന്നാൽ കമൽനാഥ് എന്ന നേതാവ് മുന്നിൽ നിന്ന് നയിച്ച കോൺഗ്രസ് മധ്യപ്രദേശിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‌വിജയ് സിങ് എന്നീ രണ്ട് നേതാക്കൾക്കിടയിൽ കോൺഗ്രസ് പരസ്പരം പോരടിക്കുന്നതും മധ്യപ്രദേശിൽ ബിജെപിയുടെ വിജയം എളുപ്പമാക്കുമെന്ന് ഉറപ്പിച്ചു. എന്നാൽ കമൽനാഥിനെ രംഗത്തിറക്കിയ രാഹുൽ ഗാന്ധിയുടെ തന്ത്രം മധ്യപ്രദേശിൽ കോൺഗ്രസിനെ 15 വർഷത്തിന് ശേഷം അധികാരത്തിലെത്തിക്കുകയായിരുന്നു. കമൽനാഥ് അക്ഷരാർഥത്തിൽ മധ്യപ്രദേശിലെ കോൺഗ്രസിനെ ഉയിർത്തെഴുന്നേൽപ്പിക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസിന് വെല്ലുവിളിയായിരുന്ന സീറ്റ് വിഭജനം ഏറെക്കുറെ പരാതികളൊന്നുമില്ലാതെ പൂർത്തിയാക്കാൻ കമൽനാഥിന് സാധിച്ചു. ജനവികാരം മനസ്സിലാക്കാൻ സംസ്ഥാനത്തുടനീളം സർവേകൾ നടത്തിയ കമൽനാഥിന് കർഷകർക്കും ദളിത് പിന്നോക്ക വിഭാഗങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും യുവജനങ്ങൾക്കുമിടയിൽ രൂപപ്പെട്ട സർക്കാർ വിരുദ്ധത വോട്ടാക്കി മാറ്റാൻ കഴിഞ്ഞു. ഹിന്ദു വിരുദ്ധ പാർട്ടിയെന്ന ബിജെപിയുടെ ആരോണപത്തെ മൃദു ഹിന്ദു നയങ്ങൾ എടുത്തെറിഞ്ഞ് തന്നെ കമൽനാഥ് പ്രതിരോധിച്ചു. എല്ലാ പഞ്ചായത്തിലും ഗോശാലയും ചാണകത്തിൽ നിന്നും ഗോമൂത്രത്തിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്കായുള്ള പദ്ധതികൾ പ്രഖ്യാപിച്ചും കോൺഗ്രസും രണ്ടും കൽപ്പിച്ച് തന്നെ രംഗത്ത് ഇറങ്ങുകയായിരുന്നു. അമ്പലങ്ങൾ സന്ദർശിച്ച് രാഹുൽ ഗാന്ധിയും എന്താണ് തങ്ങൾ ഉദ്ദേശിക്കുന്നത് എന്നതിന് കൃത്യമായ സൂചനയും നൽകി. ഹിന്ദു മതത്തെ ബിജെപിക്ക് മാത്രമായി വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ് പരസ്യമായി തന്നെ വ്യക്തമാക്കി. സവർണ വിഭാഗങ്ങളെ പ്രീണിപ്പിച്ച് നിർത്തുമ്പോൾ തന്നെ മധ്യപ്രദേശിലെ വലിയ വോട്ട് ബാങ്കായ പിന്നോക്ക വിഭാഗങ്ങളെ പിണക്കാതിരിക്കാനും കോൺഗ്രസ് പ്രത്യേകം ശ്രദ്ധിച്ചു. സമാനമായ തന്ത്രമാണ് ബിജെപി പയറ്റിയതെങ്കിലും സവർണ വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കുന്നതിൽ ബിജെപി പരാജയപ്പെടുകയായിരുന്നു. ബിജെപി ഉയർന്ന ജാതിക്കാരെ അവഗണിക്കുന്നു എന്ന് പറഞ്ഞ് മത്സരിച്ച സവർണരുടെ സംഘടനയായ സാപക്‌സ് സ്ഥാനാർഥികളാണ് പല മണ്ഡലത്തിലും ബിജെപിയുടെ പരാജയത്തിന് കാരണമായത്. വനവാസി കല്യാൺ സവർണരുടേയും ഒബിസി വിഭാഗത്തിന്റെയും പിന്തുണ ഉണ്ടായിരുന്ന ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പട്ടികജാതി വർഗ വോട്ടർമാർക്കിടയിലും സ്വാധീനമുറപ്പിക്കാൻ സാധിച്ചിരുന്നു. സംഘപരിവാറിന്റെ വനവാസി കല്യാൺ ആശ്രമത്തിന്റെ പ്രവർത്തനത്തിലൂടെയായിരുന്നു ആദിവാസി മേഖലയിൽ ബിജെപി കടന്നു കയറിയത്. 
ഇത്തവണ ആദിവാസി വിഭാഗങ്ങൾക്കിടയിലും കടന്ന് കയറാൻ കോൺഗ്രസിന് സാധിച്ചതോടെ സംസ്ഥാന ഭരണം ബിജെപിക്ക് നഷ്ടപ്പെടുകയായിരുന്നു. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും തോൽവി മുന്നിൽ കണ്ട അവസ്ഥയിൽ നിന്ന് ഇപ്പോഴത്തെ വിജയത്തിൽ എത്തിച്ചത് കമൽനാഥിന്റെ തന്ത്രങ്ങളാണ്. കമൽനാഥിന്റെ തന്ത്രങ്ങളിൽ കോൺഗ്രസ് ബിജെപിയുടെ പല കോട്ടകളും പിടിച്ചെടുത്തു. മാൾവ, ചമ്പൽ എന്നീ മേഖലകളിൽ കോൺഗ്രസ് പോലും പ്രതീക്ഷിക്കാത്ത വിജയമാണ് അവർക്കുണ്ടായത്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും മധ്യപ്രദേശിലെ വിജയം കോൺഗ്രസിന് ശക്തി പകരും.
 

Latest News