ന്യൂദല്‍ഹി- നരേന്ദ്ര മോഡി സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനൊടുവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവച്ച ഒഴിവിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ശക്തികാന്ത ദാസിനെ ചൊല്ലി പുതിയ വിവാദം. സാമ്പത്തികശാസ്ത്ര വിദഗ്ധര്‍ ഇരുന്ന പദവിയിലേക്ക് ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തരവുമുള്ള ശക്തികാന്ത ദാസ് വരുന്നത് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. 28 വര്‍ഷത്തിനു ശേഷമാണ് സാമ്പത്തിക വിദഗ്ധനല്ലാത്ത ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ആര്‍ബിഐ ഗവര്‍ണറായി എത്തുന്നത്. മോഡി നോട്ടു നിരോധനം പ്രഖ്യാപിക്കുമ്പോള്‍ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയായിരുന്ന ദാസ് ധനമന്ത്രാലയത്തില്‍ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. നോ്ട്ടു നിരോധനം നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ് ശക്തികാന്ത ദാസ്. 2017ലാണ് വിരമിച്ചത്. ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ ബാംഗ്ലൂര്‍ ഐഐഎമ്മില്‍ ഒരു കോഴ്‌സ് ചെയ്തിട്ടുണ്ട് എന്നല്ലാതെ സാമ്പത്തിക ശാസ്ത്ര യോഗ്യതകളൊന്നും ദാസിനില്ല. ദാസിന്റെ മുന്‍ഗാമികളായ ഊര്‍ജിത് പട്ടേലും രഘുറാം രാജനും പ്രമുഖ സാമ്പത്തിക ശാസ്ത്ര വിദഗ്ധരാണ്. ധനകാര്യ മന്ത്രി നിര്‍ദേശിക്കുന്നയാളെ ആര്‍ബിഐ ഗവര്‍ണറായി പ്രധാനമന്ത്രിയുടെ ഓഫിസാണ് നിയമിക്കുന്നത്. ശക്തികാന്ത ദാസിനെ അഞ്ചു വര്‍ഷത്തേക്കാണ് നിയമിച്ചിരിക്കുന്നത്.
മോഡിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചതില്‍ പ്രതിഷേധവുമായി ബിജെപിയില്‍ നിന്നും ശബ്ദമുയര്‍ന്നിട്ടുണ്ട്. ദാസ് അഴിമതിക്ക് കൂട്ടു നിന്ന ഉദ്യോഗസ്ഥനാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തു നല്‍കി. മുന്‍ ധനമന്ത്രി പി.ചിദംബരത്തിനെതിരായ എയര്‍സെല്‍-മാക്‌സിസ് ഇടപാടില്‍ ശക്തികാന്ത ദാസ് സഹായിച്ചിട്ടുണ്ടെന്നാണ് സ്വാമിയുടെ ആരോപണം. കൂടാതെ 2016ല്‍ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറിയായിരിക്കെ തമിഴ്‌നാട്ടില്‍ ഒരു യുഎസ് കമ്പനിക്ക് 100 ഏക്കര്‍ ഭൂമി തുച്ഛം വിലയ്ക്ക് ലഭിച്ചതുമായി ബന്ധപ്പെട്ടും ശക്തികാന്ത ദാസിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കോണ്‍ഗ്രസും ദാസിന്റെ നിമയനത്തെ വിമര്‍ശിച്ചു രംഗത്തെത്തി. സാമ്പത്തിക വിദഗ്ധനല്ലാത്ത ഉദ്യോഗസ്ഥന്‍ മാത്രമായ ദാസിന്റെ പ്രവര്‍ത്തനം പ്രധാനമന്ത്രി പറയുന്നതിന് അനുസരിച്ചായിരിക്കുമെന്ന് മുതര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.
1990നു ശേഷം ആര്‍ബിഐ ഗവര്‍ണറായി നിയമിക്കപ്പെടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശക്തികാന്ത ദാസ്. എസ്. വെങ്കട്ടരാമനാണ് അവസാനമായി നിയമിക്കപ്പെട്ടത്. ഇതുവരെ നാല് മുന്‍ ഐഎഎസുകാരാണ് ഈ പദവിയിലിരുന്നിട്ടുള്ളത്. ആര്‍.എന്‍ മല്‍ഹോത്ര, വെങ്കിട്ടരാമന്‍, വൈ.വി റെഡ്ഡി, ഡി സുബ്ബറാവു എന്നിവരാണിവര്‍. ഇവരില്‍ മല്‍ഹോത്രയും റെഡ്ഡിയും സുബ്ബറാവുവും സാമ്പത്തിക വിദഗ്ധര്‍ കൂടിയായിരുന്നു.