Sorry, you need to enable JavaScript to visit this website.

രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് വീണ്ടും മുഖ്യമന്ത്രി ആയേക്കും 

ജയ്പൂര്‍- രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ വിജയാഘോഷത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് സംസ്ഥാനത്തെ രണ്ട് മുതിര്‍ന്ന നേതാക്കളുടെ ഒത്തൊരുമയായിരുന്നു. മൂന്ന് തവണ മുഖ്യമന്ത്രിയായ അശോക് ഗെഹ്‌ലോട്ടും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും യുവ നേതാവുമായ സചിന്‍ പൈലറ്റും ഒരുമിച്ചായിരുന്നു ആഘോഷങ്ങള്‍. മുഖ്യമന്ത്രി സാധ്യത കല്‍പ്പിക്കപ്പെടുന്ന ഈ രണ്ടു നേതാക്കളില്‍ ആരാകും മുഖ്യമന്ത്രി എന്നതു സംബന്ധിച്ച് തര്‍ക്കമുണ്ടെന്ന് പ്രചരണമുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു തര്‍ക്കമില്ലെന്നതിന് തെളിവായിരുന്നു വിജയാഘോഷങ്ങള്‍. മുതിര്‍ന്ന നേതാവായ അശോക് ഗെഹ്‌ലോട്ട് സചിന്‍ പൈലറ്റിന്റെ വീട്ടിലെത്തി ഒരുമിച്ച് ഫോട്ടോക്ക് പോസ് ചെയ്യുകയും ഇവിടെ ചേര്‍ന്ന യോഗത്തില്‍ ഇരുവരും ഒരുമിച്ചു ചായ കുടിക്കുകയും ചെയ്തതാണ് ഇതിനു തെളിവായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്. തുടക്കത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയെങ്കിലും കോണ്‍ഗ്രസ് നേട്ടം 99 സീറ്റില്‍ ഒതുങ്ങിയതോടെ ആഘോഷങ്ങല്‍ക്ക് അല്‍പ്പം മങ്ങലേറ്റു. ഇതിലെറെ തിളക്കമാര്‍ന്ന വിജയം പ്രതീക്ഷിച്ചിരുന്നു. ഇതോടെ അധികാരത്തര്‍ക്കത്തിന് വലിയ സാധ്യതകള്‍ ഇല്ലാതായിരിക്കുകയാണ്.

രാഷ്ട്രീയ മാനേജമെന്റില്‍ വിദഗ്ധനായ അശോക് ഗെഹ്‌ലോട്ടിന് വീണ്ടും നറുക്ക് വീഴുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങല്‍ നല്‍കുന്ന സൂചന. പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയും നേരിയ ഭൂരിപക്ഷവുമാണ ഗെഹ്‌ലോട്ടിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ സമര്‍ത്ഥമായ കൈകാര്യം ചെയ്യാനുള്ള ഗെഹ്‌ലോട്ടിന്റെ മികവ് ഇവിടെ തുണയാകുമെന്ന കണക്കൂട്ടലിലാണ്. നേതൃത്വം അനൂകൂലിക്കുന്നുണ്ടെങ്കിലും അഞ്ചു വര്‍ഷം രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ നയിച്ച സചിന്‍ പൈലറ്റിന്റെ സാധ്യത കുറക്കുന്നതും ഇതാണ്. മാത്രവുമല്ല പാര്‍ട്ടിയെ ഒന്നിച്ചു നയിക്കുന്നതിലും ഗെഹ്‌ലോട്ടിന് വൈദഗ്ധ്യമുണ്ട്. മാന്ത്രികന്റെ മകനായ ഗെഹ് ലോട്ടിന്റെ കയ്യില്‍ എപ്പോഴും തന്ത്രങ്ങളുടെ സ്റ്റോക്ക് ഉണ്ടെന്ന് സഹപ്രവര്‍ത്തകര്‍ക്കിടയിലെ സ്ഥിരം തമാശയാണ്.

ഏതായാനും ബുധനാഴ്ച ചേരുന്ന പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കും. കേന്ദ്ര നിരീക്ഷനായി രാജസ്ഥാനിലെത്തിയ കെ.സി വേണുഗോപാല്‍ എല്ലാ എംഎല്‍എമാരില്‍ നിന്നും വ്യക്തിപരമായി അഭിപ്രായം ആരായുന്നുണ്ട്. കോണ്‍ഗ്രസ് സഭാ പാര്‍ട്ടി യോഗം ചേര്‍ന്ന് ആരെ മുഖ്യമന്ത്രിയാക്കണമെന്ന് പ്രമേയം പാസാക്കും.
 

Latest News