ലോസ് ആഞ്ചലസ്- വിമാനത്തിലെ സീറ്റില്‍ വിരല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാരന്‍ രണ്ട് അമേരിക്കന്‍ വിമാന കമ്പനികള്‍ക്കെതിരെ നിയമനടപടി ആരംഭിച്ചു. റിനോയില്‍നിന്ന് ലോസ് ആഞ്ചലസിലേക്കുള്ള യാത്രയിലാണ് നടന്‍ കൂടിയായ സ്റ്റീഫന്‍ കീസിന് ദുരനുഭവം. അമേരിക്കന്‍ എയര്‍ലൈന്‍സ്, സ്‌കൈവെസ്റ്റ് എയര്‍ലൈന്‍സ് എന്നീ കമ്പനികള്‍ക്കെതിരെയാണ് സ്റ്റീഫന്‍ ലോസ് ആഞ്ചലസ് സൂപ്പീരിയര്‍ കോടതിയെ സമീപിച്ചത്.
സെപ്റ്റംബര്‍ ഒമ്പതിനാണ് സംഭവം. ഫസ്റ്റ് ക്ലാസില്‍ യാത്ര ചെയ്ത സ്റ്റീഫന്റെ വിരല്‍ സീറ്റിലെ കൈത്താങ്ങില്‍ കുടുങ്ങുകയായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള സൗകര്യത്തിന് കൈത്താങ്ങ് ഉയര്‍ത്തിയപ്പോള്‍ അതിനടിയിലുള്ള ദ്വാരത്തില്‍ കൈ കുടുങ്ങുകയായിരുന്നു.
അഗ്നിശമന സേനക്കാരും വിമാന ജോലിക്കാരും ചേര്‍ന്ന് ഒരു മണിക്കൂറെടുത്താണ് വിരല്‍ പുറത്തെടുത്തതെന്നും മുറിവേറ്റതിനാല്‍ കടുത്ത വേദന അനുഭവിച്ചുവെന്നും ഹരജിയില്‍ പറയുന്നു. എയല്‍ലൈന്‍ മെക്കാനിക്ക് കൈത്താങ്ങ് തന്നെ അഴിച്ചുമാറ്റിയാണ് വിരല്‍ പുറത്തെടുത്തത്. സംഭവത്തിനുശേഷം കുട്ടികളോടൊപ്പം കളിക്കാന്‍ പോലുമാകുന്നില്ലെന്ന് സ്റ്റീഫന്‍ കീസ് പറഞ്ഞു. സോള്‍ പ്ലേന്‍, ബിഗ് ടൈം റഷ് തുടങ്ങിയ സിനിമകളില്‍ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.