ഭോപ്പാല്‍- മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ച് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. കോണ്‍ഗ്രസ് 114 സീറ്റും ബി.ജെ.പി 109 സീറ്റുമാണ് നേടിയത്.
സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ കോണ്‍ഗ്രസ് ചെറു കക്ഷികളുടേയും കക്ഷിരഹിതരുടേയും പിന്തുണയുണ്ടെന്ന് അറിയിച്ചു. കക്ഷിരഹിതര്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് കമല്‍നാഥ് എം.പി അവകാശപ്പെട്ടു. അതേസമയം, പിന്തുണ ഉറപ്പാക്കുമെന്ന് ബി.ജെ.പിയും അറിയിച്ചിട്ടുണ്ട്.
ഇന്ന് നിയമസഭാകക്ഷി യോഗംചേരും. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയെ നിരീക്ഷകനായി രാഹുല്‍ ഗാന്ധി നിയോഗിച്ചിട്ടുണ്ട്.
230 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനുവേണ്ട 116 ലെത്തിയില്ലെങ്കിലും ബി.എസ്.പി , എസ്.പി എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.