ഭോപാൽ - വോട്ടെണ്ണലിന്റെ തുടക്കം മുതൽ മാറിയും മറിഞ്ഞും നീങ്ങുകയായിരുന്നു മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ചിത്രം. 230 അംഗ നിയമസഭിൽ ഭരണകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും ഒപ്പത്തിനൊപ്പം നീങ്ങുന്ന കാഴ്ചയായിരുന്നു ഏറെ സമയവും. കേവല ഭൂരിപക്ഷമായ 116ൽ ഇരു കക്ഷികളും പല തവണ എത്തിയെങ്കിലും പിന്നീട് പിന്നോക്കം പോയി. ഇന്നലെ അർധരാത്രിയായപ്പോഴേക്കും കോൺഗ്രസ് 113, ബി.ജെ.പി 110 എന്നതായിരുന്നു നില. ബി.എസ്.പിക്ക് രണ്ടും, സമാജ്‌വാദി പാർട്ടിക്ക് ഒന്നും സീറ്റുകളുള്ളപ്പോൾ നാലിടത്ത് സ്വതന്ത്രരാണ് മുന്നിട്ടുനിൽക്കുന്നത്. തൂക്കു സഭയെന്ന എക്‌സിറ്റ് പോൾ പ്രവചനം ഏതാണ്ട് ഫലിക്കുകയാണിവിടെ. അങ്ങനെയെങ്കിൽ അധികാരം പിടിക്കാനും നിലനിർത്താനും കോൺഗ്രസും, ബി.ജെ.പിയും സർവ തന്ത്രങ്ങളും പയറ്റും. സർക്കാരിന് രൂപം നൽകാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകാനായി മുതിർന്ന നേതാവ് എ.കെ.ആന്റണിയെയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഭോപാലിലേക്ക് അയച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ഒരു ഡസനോളം സീറ്റുകളിൽ ആയിരത്തിൽ താഴെ മാത്രമാണ് ഭൂരിപക്ഷം. ഇവിടെ കൗണ്ടിംഗും റീകൗണ്ടിംഗുമായി വോട്ടെണ്ണൽ പ്രക്രിയ നീളുന്നതായിരുന്നു ഫല പ്രഖ്യാപനത്തെയും വൈകിപ്പിച്ചത്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾ നിലവിൽ വന്ന ശേഷം ഇത്ര മന്ദഗതിയിൽ വോട്ടെണ്ണൽ നീങ്ങുന്നത് അപൂർവമാണ്.
2013ൽ 165 സീറ്റുമായി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തിയ ബി.ജെ.പിക്കും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയാണ്. 13 വർഷമായി സംസ്ഥാനം ഭരിക്കുന്ന ചൗഹാൻ, ബി.ജെ.പിയിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരിൽ ഒരാളാണ്. ന്യൂനപക്ഷങ്ങളുടെ പോലും പിന്തുണ നേടാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അഞ്ച് വർഷം കൂടുമ്പോൾ ഭരണവിരുദ്ധ വികാരം പ്രകടമാവുന്ന രാജസ്ഥാനിലെ സ്വഭാവം മധ്യപ്രദേശിന് ഇല്ലാത്തതിനാൽ ഇവിടെ അധികാരം നിലനിർത്താനാവുമെന്നു തന്നെയായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാൽ അറുപതോളം സീറ്റുകൾ നഷ്ടപ്പെടുകയും പുറമെ, പല പ്രമുഖ മന്ത്രിമാരും തോൽക്കുകയും ചെയ്തത് ബി.ജെ.പിക്ക് തിരിച്ചടിയായി.
കഴിഞ്ഞ തവണ 58 സീറ്റ് മാത്രമുണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ ഇരട്ടിയോളം സീറ്റുകളാണ് നേടിയിരിക്കുന്നത്. കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‌വിജയ് സിംഗ് ത്രിമൂർത്തികൾക്കു ചുറ്റും കറങ്ങുന്ന ഗ്രൂപ്പുകളടങ്ങിയ സംസ്ഥാനത്തെ കോൺഗ്രസിനെ ഒരു സംഘടനയായി തെരഞ്ഞെടുപ്പിനു മുമ്പ് സജ്ജമാക്കിയത് രാഹുൽ ഗാന്ധിയാണ്. അത് ഫലം കാണുമെന്നാണ് സൂചന. കഴിഞ്ഞ തവണ കോൺഗ്രസിന്റെ വൻ തോൽവിക്ക് പ്രധാന കാരണം പാർട്ടിയിലെ ഗ്രൂപ്പ് കളിയായിരുന്നു. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്തതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ഗുജറാത്ത് കഴിഞ്ഞാൽ പാർട്ടിക്ക് ഏറ്റവും സ്വാധീനമുള്ള സംസ്ഥാനമാണിത്. കൂടാതെ ജനകീയ മുഖമുള്ള മുഖ്യമന്ത്രിയും. സീറ്റുകൾ കുറഞ്ഞാൽ പോലും ഇവിടെ അടിതെറ്റുമെന്ന് അവർ ഒരിക്കലും വിചാരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ചെറു കക്ഷികളെയും സ്വതന്ത്രരെയും ചാക്കിട്ട് പിടിച്ച് എങ്ങനെയും അധികാരം നിലനിർത്താനാവും ബി.ജെ.പി ശ്രമിക്കുക.