Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രവാസി താമസ സ്ഥലത്ത് മരിച്ചു;  മൃതദേഹം കണ്ടെത്തിയത് രണ്ടു മാസത്തിന് ശേഷം

ചെല്ലയ്യ കനകരാജ്

റിയാദ്- തമിഴ്‌നാട് കന്യാകുമാരി സ്വദേശിയുടെ മൃതദേഹം അഴുകിയ നിലയിൽ താമസിക്കുന്ന മുറിയിൽ കണ്ടെത്തി. കെട്ടിട നിർമാണ തൊഴിലാളിയായ ചെല്ലയ്യ കനകരാജി(57) ന്റെ മൃതദേഹമാണ് താമസിക്കുന്ന മുറിയിൽ സഹോദരൻ ജോസഫ് യാനോക്കി കണ്ടെത്തിയത്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് രംഗത്തുണ്ട്.
24 വർഷമായി റിയാദിൽ കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു ചെല്ലയ്യ. കുടുംബവുമായി നല്ല ബന്ധത്തിലല്ലാത്തതിനാൽ ഏഴു വർഷമായി നാട്ടിൽ പോയിട്ടില്ല. നാട്ടിൽ ഭാര്യയും രണ്ട് പെൺമക്കളും രണ്ട് ആൺമക്കളുമുണ്ട്. നസീമിൽ സ്‌പോൺസറുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ഒരു മുറിയിൽ ആയിരുന്നു താമസം. കഴിഞ്ഞ നാലു വർഷമായി ഇഖാമ പുതുക്കിയിട്ടില്ല. സ്‌പോൺസർ ഒന്നര വർഷം മുമ്പ് മരിച്ചതോടെ അദ്ദേഹത്തിന്റെ സഹോദരന്മാർ ആയിരുന്നു ഉത്തരവാദിത്തങ്ങൾ നിർവഹിച്ചിരുന്നത്. ഒന്നര വർഷമായി ചെല്ലയ്യ ജോലിക്ക് പോയിരുന്നില്ല. തികഞ്ഞ പെന്തക്കോസ് ക്രിസ്ത്യാനിയായ ഇദ്ദേഹത്തിന്റെ വിശ്വാസം കുടുംബം അംഗീകരിക്കാത്തതായിരുന്നു അവരുമായി ബന്ധപ്പെടാതിരിക്കാൻ കാരണം. 
ചെല്ലയ്യയുടെ സഹോദരൻ ജോസഫ് യാനോക്കി റിയാദിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹം പല പ്രാവശ്യം ചെല്ലയ്യയെ കാണാൻ റൂമിൽ പോകാറുണ്ടായിരുന്നുവെങ്കിലും ചെല്ലയ്യ റൂം തുറക്കാതെ അകത്തിരുന്ന് സംസാരിക്കാറായിരുന്നു പതിവ്. സഹോദരന്റെ ശബ്ദം കേൾക്കാൻ വേണ്ടി മാത്രമായിരുന്നു അങ്ങോട്ട് പോയിരുന്നതെന്ന് ജോസഫ് പറയുന്നു. പല പ്രാവശ്യവും വാതിലിൽ മുട്ടുമ്പോൾ ശബ്ദം കേട്ട് സഹോദരൻ അവിടെ ഉണ്ടെന്ന് ഉറപ്പാക്കി തിരിച്ചു വരാറായിരുന്നു പതിവ്. അഞ്ച് മാസം മുമ്പ് ജോസഫ് നാട്ടിൽ പോകുന്ന സമയത്ത് യാത്ര ചോദിക്കാൻ റൂമിൽ പോയി വാതിലിൽ മുട്ടിയിരുന്നു. അപ്പോഴും റൂം തുറന്നില്ല. റൂമിൽ നിന്നുള്ള ശബ്ദം കേട്ട് സഹോദരൻ നാട്ടിലേക്ക് പോവുകയായിരുന്നു. മൂന്നു മാസം കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷം ഒരാഴ്ച കഴിഞ്ഞ് വീണ്ടും സഹോദരന്റെ ശബ്ദം കേൾക്കാൻ വേണ്ടി ഇദ്ദേഹം റൂമിന്റെ വാതിലിൽ മുട്ടി. പക്ഷേ ഇക്കുറി അകത്ത് നിന്ന് ഒരു ശബ്ദവും കേട്ടില്ല. തുടർന്ന് ജോസഫ് സ്‌പോൺസറുടെ സഹോദരനുമായി ബന്ധപ്പെട്ടു. ഇഖാമ ഇല്ലാത്തതിനാൽ പോലീസ് പിടിച്ചതായിരിക്കുമെന്ന് കരുതി ജയിലുകളിലും മറ്റും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അങ്ങനെ വീണ്ടും ജോസഫ് ഈ റൂമിൽ വന്ന് ജനലിന്റെ ചില്ല് പൊട്ടിയ ഭാഗത്ത് ഒട്ടിച്ചിരുന്ന കാർഡ് ബോർഡ് പൊളിച്ചു നോക്കിയപ്പോൾ കറുത്ത എന്തോ വസ്തു താഴെ കിടക്കുന്നതായി കണ്ടു. ബെഡ്ഷീറ്റും മറ്റും എല്ലാം അലങ്കോലപ്പെട്ട രീതിയിലായിരുന്നു. ഉടൻ തന്നെ സ്‌പോൺസറുടെ സഹോദരനെ അറിയിച്ചു. പോലീസ് വന്നു റൂം തുറന്ന് നോക്കിയപ്പോൾ ദുർഗന്ധം വമിക്കുന്ന, അഴുകിയ നിലയിലായിരുന്നു മൃതദേഹം. ശുമേസി ഹോസ്പിറ്റലിലേക്ക് മാറ്റിയ ശേഷം രണ്ടു മാസം മുമ്പ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചതാണെന്ന മെഡിക്കൽ റിപ്പോർട്ട് ആണ് ലഭിച്ചത്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിക്രമങ്ങൾ ശിഹാബ് കൊട്ടുകാട് പൂർത്തിയാക്കുകയും ചെയ്തു. നാല് വർഷമായി ഇഖാമ ഇല്ലാതിരുന്നിട്ടും പെട്ടെന്ന് തന്നെ ഫൈനൽ എക്‌സിറ്റ് നൽകാൻ ജവാസാത്ത് ഉദ്യോഗസ്ഥർ തയാറായതായി ശിഹാബ് കൊട്ടുകാട് പറഞ്ഞു. മൃതദേഹത്തിനുള്ള ടിക്കറ്റ് സ്‌പോൺസറുടെ സഹോദരനും അനുഗമിക്കുന്ന ജോസഫിനുള്ള ടിക്കറ്റ് സാമൂഹിക പ്രവർത്തകനായ പലവിളയിൽ എബ്രഹാമും നൽകി. മകൻ ജിബിരാജ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ ഏറ്റുവാങ്ങും. 
ചെല്ലയ്യയുടെ സഹോദരൻ സ്‌നേഹബന്ധം കാത്തുസൂക്ഷിച്ചത് കൊണ്ടും അദ്ദേഹത്തിന് സഹോദരന്റെ ശബ്ദം കേൾക്കാനുള്ള ആഗ്രഹം ഉണ്ടായതു കൊണ്ടും മാത്രമാണ് ഇദ്ദേഹം മരിച്ചത് രണ്ടു മാസം കഴിഞ്ഞെങ്കിലും അറിയാൻ കഴിഞ്ഞത്. ജോസഫ് അവധിക്ക് പോയി തിരിച്ചു വരാതിരിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റിയതായിരുന്നു. രോഗികളായവർ ഒറ്റക്ക് ഒരു റൂമിൽ താമസിക്കുന്ന കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് സാമൂഹിക പ്രവർത്തകർ ഓർമിപ്പിച്ചു. 

 

Latest News