വടകര- വർഷങ്ങളായി വേറിട്ട് കഴിയുന്ന ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. കൊളാവിപ്പാലം കൂടത്തായി അനിൽകുമാറാണ് (50) വടകര പോലീസിന്റെ പിടിയിലായത്. വേറിട്ടു കഴിയുന്ന ഇയാളുടെ ഭാര്യ പുതുപ്പണം കോട്ടക്കടവിൽ കടുങ്ങോന്റവിട ഷീജയെ തീക്കൊളുത്തി കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നു പറയുന്നു. ഇന്നലെ രാവിലെ ആറു മണിയോടെ പെട്രോൾ, മണ്ണെണ്ണ, മുളകുപൊടി എന്നിവയുമായി വീട്ടിൽ അതിക്രമിച്ച് കയറിയ ഇയാൾ ഷീജയാണെന്ന് കരുതി അമ്മ രമക്കു നേരെയാണ് അതിക്രമം നടത്തിയത്. മുളക്പൊടി എറിഞ്ഞ് ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. പിടിവലിക്കിടയിൽ തീക്കൊളുത്താൻ വൈകിയതും ബഹളം കേട്ട് ഷീജയും സഹോദരൻ ഷാജി എത്തിയതിനാലും ശ്രമം വിജയിച്ചില്ല. പിടിവലിക്കിടയിൽ ഷാജിക്കും അമ്മ രമക്കും പരിക്കേറ്റു. അപ്പോഴേക്കും നാട്ടുകാർ ഓടിക്കൂടി അനിൽകുമാറിനെ കീഴ്പ്പെടുത്തി പോലീസിനു കൈമാറി. പരിക്കേറ്റ ഷാജിയും രമയും ആശുപത്രിയിൽ ചികിത്സ തേടി. ഷീജയും അനിൽകുമാറും വർഷങ്ങളായി വേറിട്ടു കഴിയുകയാണ്. ബന്ധം വേർപെടുത്തുന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ കേസുണ്ട്. ഇവർക്ക് ഒരു മകളുണ്ട്.