തിരക്കിട്ട നീക്കങ്ങള്‍; ആന്റണിയെ മധ്യപ്രദേശിലേക്കയച്ചു, ഖാര്‍ഗെ ഛത്തീസ്ഗഢിലേക്കും; രാജസ്ഥാനില്‍ വേണുഗോപാല്‍

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പു ഫലം പുറത്തു വന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്  സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളാരംഭിച്ചു. പാര്‍ട്ടി നിരീക്ഷകരായി മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയെ മധ്യപ്രദേശിലേക്കും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഛത്തീസ്ഗഢിലേക്കും കോണ്‍ഗ്രസ് നിയോഗിച്ചു. ഇവിടെ സര്‍ക്കാര്‍ രൂപീകരണത്തിനു മുന്നോടിയായുള്ള രാഷ്ട്രീയ നീക്കങ്ങള്‍ വിലയിരുത്താനും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായങ്ങള്‍ ആരായാനുമാണ് ഇവരെ അയച്ചിരിക്കുന്നത്. 

കെ.സി വേണുഗോപാലിനെ നേരത്തെ രാജസ്ഥാനിലേക്ക് അയച്ചിരുന്നു. ബുധനാഴ്ച രാവിലെ എം.എല്‍.എമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ടെന്നു വേണുഗോപാല്‍ പറഞ്ഞു. ഇവരുടെ അഭിപ്രായങ്ങള്‍ ആരായുകയും അത് കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിന് ആര് നേതൃത്വം നല്‍കണം എന്നതു സംബന്ധിച്ച അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ കൈക്കൊള്ളുന്നതാണ് പാര്‍ട്ടി രീതിയെന്നും അദ്ദേഹം പറഞ്ഞു.

Latest News