'അരുതാത്തത് എന്തെന്ന് മോഡിയില്‍ നിന്ന് പഠിച്ചു'; കോണ്‍ഗ്രസിന്റെ മിന്നും ജയത്തില്‍ രാഹുലിന്റെ പ്രതികരണം ഇങ്ങനെ

ന്യുദല്‍ഹി- തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ പ്രധാനമന്ത്രി പാടുപെടുമെന്ന് ഈ തെരഞ്ഞെടുപ്പു ഫലത്തോടെ വ്യക്തമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്താണോ വാഗ്ദാനം ചെയ്തത്, അത് നല്‍കാന്‍ മോഡിക്ക് കഴിയില്ലെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടായെന്ന് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പി ഭരണത്തിനു തടയിട്ട കോണ്‍ഗ്രസിന്റെ മുന്നേറ്റത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലും ഛത്തീസ്ഗഢിലും മികച്ച മുന്നേറ്റം നടത്തുകയും മധ്യപ്രദേശില്‍ വാശിയേറിയ പോരാട്ടം കാഴ്ചവയ്ക്കുകയും ചെയ്ത പ്രകടന മികവില്‍ മിസോറിമിലെ വലിയ പരാജയവും തെലങ്കാനയിലെ മോശം പ്രകടനവും മുങ്ങിപ്പോയി. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഞങ്ങള്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി. ഈ സംസ്ഥാനങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള സര്‍ക്കാര്‍ ഞങ്ങള്‍ ഉണ്ടാകും. അതില്‍ അവര്‍ക്ക് അഭിമാനിക്കാം- രാഹുല്‍ പറഞ്ഞു. 

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും, അഴിമതി അവസാനിപ്പിക്കും എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രധാനമന്ത്രി മോഡി തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയത്. ഇന്ന് വോട്ടര്‍മാര്‍ക്ക് ആ മിഥ്യാധാരകളൊക്കെ മാറി. പ്രധാനമന്ത്രിക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. ഈ തോല്‍വികളെല്ലാം അതിന്റെ ഫലങ്ങളാണ്-രാഹുല്‍ പറഞ്ഞു. പത്തു വര്‍ഷത്തെ ഭരണം കൈവിട്ട 2014നു ശേഷം കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഇത്ര സന്തോഷം പകര്‍ന്ന ഒരു വോട്ടെണ്ണല്‍ ദിനം ആദ്യമായിരുന്നു. ഇക്കാലയളിവിനിടെ കോണ്‍ഗ്രസ് നേരിട്ട തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് ദുരന്തങ്ങള്‍ക്ക് മുഴുവന്‍ പഴികേട്ടതും 48കാരനായ രാഹുല്‍ ആയിരുന്നു. 

എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ഒരു പാഠമായിരുന്നു 2014. ആ തെരഞ്ഞെടുപ്പില്‍ നിന്ന് ഒരുപാട് ഞാന്‍ പഠിച്ചു. പരമപ്രധാനമായ കാര്യം വിനയമാണെന്ന് പഠിച്ചു- അദ്ദേഹം പറഞ്ഞു. തെളിച്ചു പറഞ്ഞാല്‍ നരേന്ദ്ര മോഡിയില്‍ നിന്ന് ഞാന്‍ ഒരു കാര്യം പഠിച്ചു- ചെയ്യരുതാത്ത് എന്ത് എന്ന പാഠം. മോഡിക്ക് നല്‍കിയത് മികച്ച ഒരു അവസരമായിരുന്നു. എന്നാല്‍ അദ്ദേഹം രാജ്യത്തിന്റെ ഹൃദമിടിപ്പ് കേള്‍ക്കാന്‍ വിസമ്മതിച്ചു എന്നത് ഖേദകരമാണ്. പകരം അഹങ്കാരം കാണിച്ചു- രാഹുല്‍ പറഞ്ഞു. 

കോണ്‍ഗ്രസിന്റെ ജയത്തിന്റെ ക്രെഡിറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണെന്നും അവരാണ് സിംഹങ്ങളെന്നും രാഹുല്‍ പറഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും ആര് മുഖ്യമന്ത്രിയാകണമെന്നതു വലിയൊരു വിഷയമല്ലെന്നും അങ്ങനെ ഒരു തര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Latest News