- തെലങ്കാനയിൽ മഹാ സഖ്യം നിലം പരിശായി
ഹൈദരാബാദ്- തെലങ്കാനയിൽ കണ്ടത് എല്ലാ അഭ്യൂഹങ്ങളും എക്‌സിറ്റ് പോളുകളും തള്ളുന്ന ടി.ആർ.എസ് തരംഗം. കോൺഗ്രസ് ഒരിക്കൽകൂടി സംസ്ഥാനത്ത് തകർന്നടിഞ്ഞുവെന്ന് മാത്രമല്ല, ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയെ ഒപ്പം കൂട്ടിയത് തിരിച്ചടിയാവുകയും ചെയ്തു. ദേശീയ തലത്തിൽ രൂപം കൊള്ളുന്ന മഹാ കൂട്ടമി (മഹാ സഖ്യം) ആദ്യമേ കാലിടറി വീഴുന്ന കാഴ്ച.
തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ടി.ആർ.എസ് മികച്ച മുന്നേറ്റം നേടുമെന്ന് പ്രതീതി ഉണ്ടായിരുന്നെങ്കിലും അതിനെ അവസാന നിമിഷം മറികടക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് കഴിഞ്ഞിരുന്നു. ഒപ്പത്തിനൊപ്പമെത്തുമെന്ന പ്രതീതിയുണ്ടാക്കിയ കോൺഗ്രസ് - തെലുങ്കുദേശം സഖ്യത്തെ നിലം തൊടിക്കാതെയാണ് ടി.ആർ.എസ് മലർത്തിയടിച്ചത്. 119 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 89 ലും ടി.ആർ.എസ് ജയിച്ചു. കോൺഗ്രസ് മുന്നണി 22 ഉം ബി.ജെ.പി രണ്ടും സീറ്റിലാണ് ജയിച്ചത്. ചന്ദ്രബാബു നായിഡു- കോൺഗ്രസ് നേതൃത്വം നൽകുന്ന വിശാലസഖ്യത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് തെലങ്കാനയിൽനിന്നുള്ള തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. അതേസമയം, ദേശീയ തലത്തിൽ തിങ്കളാഴ്ച 21 പാർട്ടികളുടെ കൂട്ടായ്മ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സഖ്യസാധ്യതകളുമായി മുന്നോട്ടുപോകും.
കുറഞ്ഞ ഭൂരിപക്ഷത്തോടെ ചന്ദ്രശേഖർ റാവു തന്നെ അധികാരത്തിൽ തുടരുമെന്നായിരുന്നു എക്‌സിറ്റ് പോൾ സർവേകൾ പ്രവചിച്ചിരുന്നത്. എന്നാൽ സർവേ ഫലം ശരിയാകില്ലെന്ന് വ്യക്തമാക്കിയ കോൺഗ്രസ് കഴിഞ്ഞ ദിവസം ഗവർണറെ കാണുകയും ഏറ്റവും വലിയ മുന്നണിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അധികാരത്തിലെത്താനുള്ള സാധ്യത മുന്നിൽക്കണ്ടായിരുന്നു കോൺഗ്രസിന്റെ ഈ നീക്കം. വോട്ടെണ്ണലിന്റെ തുടക്കത്തിൽ കോൺഗ്രസും ടി.ആർ.എസും ഒപ്പത്തിനൊപ്പമെന്ന സൂചനയുമുണ്ടായിരുന്നു. എന്നാൽ കോൺഗ്രസിന്റെ പ്രതീക്ഷകളെ തകിടം മറിച്ചാണ് തെലങ്കാനയിൽ ടി.ആർ.എസ് സുവർണ വിജയം സ്വന്തമാക്കിയത്.
അതേസമയം, ചന്ദ്രബാബു നായിഡുവുമായുള്ള സഖ്യം കോൺഗ്രസിന് തിരിച്ചടിയായെന്നാണ് ചന്ദ്രശേഖർ റാവു പറഞ്ഞത്. ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കിൽ കോൺഗ്രസിന് ഇതിലും കൂടുതൽ സീറ്റുകൾ നേടാനാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ പട്ടിണി മാറ്റാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ദേശീയ രാഷ്ട്രീയത്തിൽ ടി.ആർ.എസ് കൂടുതൽ വലിയ പങ്ക് വഹിക്കുമെന്നും റാവു പറഞ്ഞു. വിജയത്തിൽ ചന്ദ്രശേഖർ റാവുവിനെ അഭിനന്ദിക്കുന്നതായി ചന്ദ്രബാബു നായിഡു പ്രതികരിച്ചു.
അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ കോൺഗ്രസ്, ബി.ജെ.പി ഇതര സർക്കാർ ഉറപ്പുവരുത്താൻ ചന്ദ്രശേഖർ റാവുവിന് സാധിക്കുമെന്ന് ആൾ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (ഐ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു. അടുത്തു പരിചയപ്പെട്ടപ്പോഴാണ് ഇദ്ദേഹത്തെ പോലൊരു നേതാവാണ് രാജ്യത്തിനു വേണ്ടതെന്ന് ബോധ്യപ്പെട്ടതെന്ന് ഉവൈസി ട്വീറ്റ് ചെയ്തു. കോൺഗ്രസ്, ബി.ജെ.പി ഇതര സർക്കാരാണ് ഈ രാജ്യത്തിനുവേണ്ടത്. അതു ഉറപ്പാക്കാൻ ചന്ദ്രശേഖർ റാവുവിന് കരുത്തുണ്ടെന്ന് ഉവൈസി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം റാവുവിനെ സന്ദർശിച്ച ഉവൈസി എല്ലാ പിന്തുണയും അറിയിച്ചിരുന്നു.