ന്യൂദൽഹി/ ജയ്പുർ -രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധര രാജക്കെതിരായ ജനവികാരം അനുകൂലമായി വിധിയെഴുതിയാണ് കോൺഗ്രസിന് ലഭിച്ച കേവല ഭൂരിപക്ഷം എന്നു നിസ്സംശയം പറയാം. 2013 തെരഞ്ഞെടുപ്പിൽ കേവലം 21 സീറ്റിലേക്ക് ഒതുങ്ങിയതിൽ നിന്നാണ് കോൺഗ്രസ് ഇത്തവണ 104 സീറ്റിലേക്ക് ഉയർന്നിരിക്കുന്നത്. അന്ന് 163 സീറ്റ് നേടിയ ബി.ജെ.പി 70 സീറ്റുകളിലേക്കു ചുരുങ്ങിയിരിക്കുന്നു.
വിജയ പ്രതീക്ഷയുണ്ടായിരുന്ന രാജസ്ഥാനിൽ കോൺഗ്രസ് തീവ്ര പ്രചാരണമൊന്നും നടത്തിയിരുന്നില്ല. എന്നാൽ, പി.സി.സി അധ്യക്ഷൻ സച്ചിൻ പൈലറ്റിനൊപ്പം മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെക്കൂടി പ്രചാരണ രംഗത്ത് മുൻനിരയിൽ ഇറക്കിയത് കോൺഗ്രസ് വിജയത്തിൽ നിർണായകമായി. ബി.ജെ.പിയും കോൺഗ്രസും മാറിമാറി അധികാരത്തിൽ എത്തിയിരുന്ന രാജസ്ഥാനിൽ ഇക്കുറി ബി.ജെ.പി വിരോധത്തേക്കാൾ ഏറെ നിഴലിച്ചു നിന്നത് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ ധാർഷ്ട്യ ഭരണത്തോടുള്ള വെറുപ്പും മടുപ്പുമായിരുന്നു.
ഇക്കുറി രാജസ്ഥാനിൽ ബി.ജെ.പി പരാജയപ്പെട്ടാൽ അതു വസുന്ധര വിരുദ്ധ വികാരം കൊണ്ടു മാത്രമായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ ദിവസങ്ങളിൽ ബി.ജെ.പി പ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് വികസനം എന്ന വാക്കു തന്നെ ബി.ജെ.പി മറന്നു പോയെന്നാണ് ബി.ജെ.പിയുടെ രാജ്യസഭാംഗമായ സഞ്ജയ് കാക്ഡേ പ്രതികരിച്ചത്. രാജസ്ഥാനിൽ പരാജയം ഉറപ്പായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വികസനം മറന്ന് പ്രതിമകളിലേക്കും നഗരങ്ങളുടെ പേര് മാറ്റുന്നതിലേക്കും ക്ഷേത്ര നിർമാണത്തിലേക്കും ശ്രദ്ധ തിരിച്ചതാണ് ബി.ജെ.പിയുടെ പരാജയത്തിന് കാരണമെന്നും കാക്ഡെ തുടർന്നു.
200 അംഗ നിയമസഭയുള്ള രാജസ്ഥാനിൽ 199 സീറ്റുകളിലാണ് തെരഞ്ഞെടുപ്പു നടന്നത്. ബി.എസ്.പി സ്ഥാനാർഥി ഹൃദയാഘാതം മൂലം മരിച്ചതിനെ തുടർന്ന് രാംഗഡ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പു മാറ്റിവെച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എം.എൽ.എമാർ ഇന്നു ജയ്പൂരിൽ യോഗം ചേർന്ന് നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കും.
രാജസ്ഥാനിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതിനൊപ്പം തന്നെ വിജയിച്ച സ്വതന്ത്ര സ്ഥാനാർഥികളിൽ ഏറെയും കോൺഗ്രസിനൊപ്പം തന്നെ നിൽക്കുന്നവരുമാണ്. അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൃത്യമായി ഉയർത്തിക്കാട്ടിയാൽ ഇവർ പരസ്യ പിന്തുണയോടെ ഉടൻ രംഗത്തു വരുമെന്നാണ് വിവരം. എന്നാൽ, യുവനിരയെ രാഷ്ട്രീയ, ഭരണ നിർവഹണ രംഗത്ത് കൊണ്ടുവരണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉറച്ചു നിന്നാൽ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ ആൾക്കൂട്ട കൊലപാതകങ്ങളും ഗോസംരക്ഷകരുടെ അഴിഞ്ഞാട്ടവും നടന്നിട്ടുള്ള രാജസ്ഥാനിൽ ന്യൂനപക്ഷങ്ങൾ തങ്ങളുടെ സ്വാധീന മേഖലകളിലെല്ലാം തന്നെ കോൺഗ്രസിനൊപ്പമാണ് നിന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരിടത്ത് പോലും ഹിന്ദുത്വ വോട്ടുകൾ നഷ്ടപ്പെടുമെന്ന ഭയത്താൽ കോൺഗ്രസ് പശുവിന്റെ പേരിൽ നടന്ന കൊലപാതക വിഷയങ്ങൾ ഉയർത്തി കാട്ടിയിരുന്നില്ല. ക്ഷേത്ര ദർശനം നടത്തിയും ഹിന്ദു വികാരത്തെ വ്രണപ്പെടുത്താതെയും മുസ്ലിംകളെ സ്വാധീനിക്കാൻ അജ്മീർ ദർഗയിൽ സന്ദർശനം നടത്തിയുമായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ പ്രചാരണം. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാനത്ത് ഹിന്ദു വികാരം ഉയർത്തിയാണ് പ്രചാരണം നടത്തിയത്.
ബി.ജെ.പിയും സംഘപരിവാറും സംസ്ഥാനത്ത് ഉയർത്തിയ ആശങ്കകൾ അകറ്റുന്നതിന് കോൺഗ്രസിന് വോട്ട് നൽകേണ്ടത് അനിവാര്യമാണെന്ന സമീപനമാണ് മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങൾ വെച്ചു പുലർത്തിയത്. സച്ചിൻ പൈലറ്റ് ടോംഗ് മണ്ഡലത്തിൽ നിന്നും അശോക് ഗെലോട്ട് സർദാർപുര മണ്ഡലത്തിൽ നിന്നും മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗിന്റെ മകൻ മാനവേന്ദ്ര സിംഗിനെ പരാജയപ്പെടുത്തിയാണ് വസുന്ധര രാജ സിന്ധ്യ ജൽരാൻപഠാൻ മണ്ഡലത്തിൽ വിജയിച്ചത്.
രണ്ടു തവണ പാർലമെന്റിൽ എത്തിയിട്ടുള്ള സച്ചിൻ പൈലറ്റിന്റെ കന്നി നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. ബി.ജെ.പിയുടെ സംസ്ഥാനത്തെ ഏക മുസ്ലിം സ്ഥാനാർഥിയായ യൂനുസ് ഖാനെയാണ് സച്ചിൻ അര ലക്ഷത്തിലേറെ വോട്ടുകൾക്കു പരാജയപ്പെടുത്തിയത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അശോക് ഗെലോട്ട് തന്നെ എത്തുമെന്നാണ് രാജസ്ഥാനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിചയ സമ്പന്നതയും മുതിർന്ന നേതാവെന്ന ആനുകൂല്യവും ഗെലോട്ടിന് സാധ്യത നൽകുന്നു. യുവ നേതാവായ സച്ചിൻ പൈലറ്റിന്റെ മനോഭാവത്തിൽ കുറച്ചു കൂടി മാറ്റം വരേണ്ടതുണ്ടെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെ പറയുന്നു. മാത്രമല്ല, യുവാവായ സച്ചിന് ഇനിയും അവസരങ്ങളുണ്ടെന്നും അവർ സൂചിപ്പിക്കുന്നു.
സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇന്നലെ ജയ്പൂരിലെത്തിയിട്ടുണ്ട്. കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു കഴിഞ്ഞുവെന്നും സ്വതന്ത്രരും മറ്റു കക്ഷികളുമായുള്ള ചർച്ചകൾ തുടരുകയാണെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഇന്നു തന്നെ നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിച്ചു കൊണ്ടുള്ള തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയ്പൂരിലെ ഖാസ കോത്തിയിലെത്തി സച്ചിൻ പൈലറ്റ് വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. രാജസ്ഥാനിൽ പാർട്ടിയുടെ ചുമതലയുള്ള അവിനാശ് പാണ്ഡേയും മറ്റു മൂന്നു നേതാക്കളും ഒപ്പമുണ്ടായിരുന്നു. അശോക് ഗെലോട്ടും വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് നേതാക്കളെല്ലാം തന്നെ വേണുഗോപാലിനൊപ്പം പത്രസമ്മേളനവും നടത്തി.
വിജയിച്ച സ്വതന്ത്ര സ്ഥാനാർഥികളുമായി സച്ചിൻ പൈലറ്റ് ഉൾപ്പടെയുള്ളവർ ഇന്നലെ ഉച്ചയോടെ തന്നെ ചർച്ചകൾ ആരംഭിച്ചിരുന്നു. 12 സ്വതന്ത്ര സ്ഥാനാർഥികളാണ് രാജസ്ഥാനിൽ വിജയിച്ചിരിക്കുന്നത്. കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടുണ്ടെങ്കിലും സ്വതന്ത്രരുമായും സമാന ചിന്താഗതിക്കാരുമായും ബി.ജെ.പി വിരുദ്ധരുടെയും പിന്തുണ ഉറപ്പു വരുത്തുമെന്നാണ് അശോക് ഗെലോട്ടും പറഞ്ഞത്. ഈ തെരഞ്ഞെടുപ്പു ഫലം 2019 ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനിൽ സി.പി.എം രണ്ട് സീറ്റുകൾ നേടിയിട്ടുണ്ട്. രാജ്യത്ത് ശ്രദ്ധയാർകർഷിച്ച കർഷക പ്രക്ഷോഭങ്ങളുടെയെല്ലാം ഉറവിടം രാജസ്ഥാനിൽ നിന്നായിരുന്നു. ഈ മേഖലകളിലെ മണ്ഡലങ്ങളിലാണ് സി.പി.എം സ്ഥാനാർഥികൾ വിജയിച്ചത്. ഭാദ്ര മണ്ഡലത്തിൽ ബൽവാൻ പൂനിയയും ദുംഗാർഗഡിൽ ഗിരിധരി ലാൽ മാഹിയയുമാണ് വിജയിച്ച സി.പി.എം സ്ഥാനാർഥികൾ. ബി.ജെ.പിയുടെ മോഡി-ഷാ പ്രഭാവത്തെ താഴെയിറക്കി എന്നതിന്റെ തെളിവാണ് രാജസ്ഥാനിലടക്കം തെരഞ്ഞെടുപ്പു ഫലമെന്ന് സി.പി.എം നേതാവും കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ ഹനൻ മൊല്ല പറഞ്ഞു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കർഷകരുടെ ശക്തിയാകും നിർണായകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, കിസാൻസഭ നേതാവും സി.പി.എം സ്ഥാനാർഥിയുമായ അമ്രാറാം, പ്രേമറാം, ഖയ്യൂം ഖുറേഷി എന്നിവർ വിജയിച്ചില്ല. ബി.എസ്.പിയുടെ ആറ് സ്ഥാനാർഥികളും രാജസ്ഥാനിൽ വിജയിച്ചിട്ടുണ്ട്.