തിരുവനന്തപുരം- ജൂത വംശീയതയും വർണ വെറിയും മറാത്താവാദമടക്കമുള്ള ജാതി വിഷയങ്ങൾ അറിഞ്ഞോ അറിയാതെയോ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ ദൃശ്യഭാഷ്യങ്ങൾ നിറഞ്ഞു നിന്ന ദിനമായിരുന്നു അഞ്ചാം ദിനത്തിലെ ഐ എഫ് എഫ് കെയിലെ പ്രധാന കാഴ്ചകളിലൊന്ന്.
പ്രമുഖ ഇസ്രായിൽ സംവിധായകൻ സാമുവൽ മാഒസിന്റെ ഫോക്‌സ് ട്രോറ്റ് ആണ് ഈ കാഴ്ചയിൽ പ്രേക്ഷകരെ ഏറെ ആകർഷിപ്പിച്ചത്. 2017 ൽ ഫോക്‌സ് ട്രോറ്റ് സിനിമ പുറത്തിറങ്ങിയപ്പോൾ ഇസ്രായിലിൽ തന്നെ ഏറെ കോലാഹലമുണ്ടാക്കിയ ചലച്ചിത്രമായിരുന്നു ഇത്. ഇസ്രായിൽ സാംസ്‌കാരിക വകുപ്പു മന്ത്രി മിരി രജി വേവ് ഇസ്രായിലി കലാകാരന്മാർക്ക് ഇസ്രായിലിനോടാണ് കൂറുണ്ടാകേണ്ടതെന്ന് പറഞ്ഞ് സിനിമക്കെതിരെ രംഗത്തു വന്നിരുന്നു.
അതിർത്തിയിൽ പെട്രോളിംഗ് നടത്തുന്ന ഇസ്രായിലി പട്ടാളക്കാർ രണ്ടു ഫലസ്തീൻ യുവാക്കളും അവരുടെ കാമുകിമാരും സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി പരിശോധിക്കുകയാണ്. ഇതിനിടക്ക് കാറിൽ നിന്ന് താഴേക്കു വീഴുന്ന ഒരു കൂൾ ഡ്രിംഗ്‌സ് ടിൻ കണ്ട് ഒരു പട്ടാളക്കാരൻ ഗ്രാനേഡ് ഗ്രനേഡ് എന്നാർത്തു വിളിച്ചതോടെ കാറിലുള്ളവരെ ഒന്നാകെ മറ്റേ പട്ടാളക്കാരൻ വെടിയുതിർത്തു ഇല്ലാതാക്കുകയാണ്. ഫലസ്തീൻ യുവാക്കൾക്കും മറ്റും നേരെയുള്ള ഇസ്രായിലി പട്ടാളക്കാരുടെ ക്രൂരത കുപ്രസിദ്ധമാണെങ്കിലും ഈ ചലച്ചിത്രത്തിലാണ് അതിന്റെ ഭീകരത ഭയങ്കരമായി വരച്ചുകാട്ടിയത്. സിനിമ ഇറങ്ങിയപ്പോൾ പല പാശ്ചാത്യ നിരൂപകർ പോലും ഈ സിനിമയെ ഷോക്കിംഗ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
നിങ്ങളുടെ മകനായ പട്ടാളക്കാരൻ ജോഹന്നൻ മരണപ്പെട്ടുവെന്ന് ഇസ്രായിൽ പൗരനായ പിതാവ് മിഷേലിനോട് രണ്ടു പട്ടാളക്കാർ വന്ന് പറയുന്നതോടു കൂടിയാണ് സിനിമക്ക് തുടക്കം കുറിക്കുന്നത്. എന്നാൽ കുറച്ചു നേരം കഴിഞ്ഞപ്പോൾ ഇതേ പട്ടാളക്കാർ തന്നെ വന്ന് തങ്ങൾക്ക് തെറ്റു പറ്റിയെന്നും താങ്കളുടെ മകൻ മരിച്ചിട്ടില്ലെന്നും പറയുന്നു. ഇതോടു കൂടി രോഷാകുലനായ മിഷേൽ തന്റെ മകനെ ഉടനെ ഇവിടെ എത്തിക്കണമെന്ന് പറഞ്ഞ് ബഹളം വെക്കുന്നു. ഇതോടെ ക്യാമറ പിന്നീട് കിലോമീറ്ററുകൾക്കപ്പുറം അതിർത്തിയിൽ കാവൽ നിൽക്കുന്ന ചെറുപ്പക്കാരായ അഞ്ച് പട്ടാളക്കാരുടെ ദൈനംദിന കാര്യങ്ങളിലേക്കാണ് കണ്ണു തുറക്കുന്നത്. മുഖ്യമായും ഫലസ്തീനികളായ യാത്രക്കാരാണ് ഇതിലൂടെ കടന്നുപോകുന്നത്. ഇടയ്ക്ക് ഒരൊട്ടകവും കടന്നു പോകുന്നുണ്ട്. എന്നാൽ ഫലസ്തീൻകാരോടുള്ള ഇസ്രായിലി ഭരണകൂടത്തിന്റെ വംശീയ വിരോധം ഇവിടത്തെ പരിശോധനയിൽ ഇവരോട് കാണിക്കുന്ന ഇടപെടലിലൂടെ തന്നെ വ്യക്തമാക്കുന്നുണ്ട് സംവിധായകൻ. ഒരു ഘട്ടത്തിൽ ഒട്ടകത്തിനുള്ള പരിഗണന പോലും ഫലസ്തീൻകാർക്ക് നൽകുന്നില്ലെന്നതാണ് ഇതിലൂടെ കാഴ്ചക്കാരന്റെ മനസ്സിലേക്ക് ദൃശ്യങ്ങളിലൂടെ കടന്നു വരുന്നത്. കളിപ്പാട്ടക്കാരനായ കച്ചവടക്കാരനോട് തോക്കേന്തിയ പട്ടാളക്കാരന്റെ കളിപ്പാട്ടം കൈക്കൂലിയായി വാങ്ങുന്ന ഒരു സീൻ ഈ സിനിമയിലുണ്ട്. അതിർത്തി സുരക്ഷ എന്ന വലിയ ഉത്തരവാദിത്തമേറ്റുന്നവർ പോലും എത്രത്തോളം അധഃപതനത്തിലെത്തിയെന്നുള്ളതാണ് റോഡിൽ വീണു കിടക്കുന്ന പട്ടാള കളിപ്പാട്ടത്തെ കാണിച്ച കൊണ്ട് ഈ സിനിമ ഇസ്രായിൽ ജനതയോട് തന്നെ ചോദിക്കുന്നത്. സാധാരണ പട്ടാള സിനിമകളെ അപേക്ഷിച്ച് ബഹളങ്ങളും പൊട്ടിത്തെറികളും ഈ സിനിമയിൽ കുറവാണ്. പതിഞ്ഞ താളത്തിലാണ് ഈ സിനിമയുടെ സഞ്ചാരം. ഇതുകൊണ്ടു തന്നെയാണ് ക്ലൈമാക്‌സിനോടനുബന്ധിച്ച് ഈ പട്ടാളക്കാരുടെ കൈയബദ്ധത്തിൽ ഒരു കാറിനുള്ളിലെ രണ്ട് പേർ വെടിവെപ്പിൽ കൊല്ലപ്പെടുന്ന സീനിന് ഏറെ ഗൗരവം കിട്ടുന്നതും. തങ്ങളുടെ ഈ കൊലപാതകം പുറമെയറിയിക്കാതിരിക്കാൻ ഈ കാർ ഒന്നാകെ വലിയ ജെ സി ബി കൊണ്ടുണ്ടാക്കിയ കുഴിയിൽ ഒന്നാകെ കുഴിച്ചുമൂടി, ഇത്തരമൊരു സംഭവം നടന്നിട്ടില്ലേയെന്ന രീതിയിലേക്ക് പട്ടാളം കാര്യങ്ങളെ മാറ്റുന്ന സീനുണ്ടാക്കുന്ന അസ്വസ്ഥത തിയേറ്ററിനപ്പുറത്തെത്തും. 74 മത് വെനീസ് ചലച്ചിത്രോത്സവത്തിൽ ഗ്രാന്റ് ജൂറി സമ്മാനവും ഒഫീറിൽ പതിമൂന്ന് അവാർഡുകളുമാണ് ഈ സിനിമ നേടിയത്.
ഇസ്രായിലിന്റെ ജൂത വംശീയതയെ വരച്ചുകാണിച്ച ഈ ചലച്ചിത്രത്തെ പോലെ തന്നെ ഇന്ത്യയിൽ പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ മുംബൈയിലും മറ്റും എപ്പോഴും വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്ന മറാത്താ വാദത്തിന്റെ പൊള്ളത്തരത്തെക്കുറിച്ചുള്ള ശക്തമായ വിമർശനമായിരുന്നു ദേബാശിഷ് മൊഹാജിയുടെ ബോൺസ് ലേ എന്ന ചലച്ചിത്രം.
ഒരു റിട്ടയേർഡ് പോലീസുകാരനായ ബോൺസ് ലേ എന്ന മറാത്തിക്കാരനിലൂടെ തന്നെയാണ് ബിഹാരികൾ എന്ന് പറഞ്ഞ് ഉത്തരേന്ത്യക്കാർക്കും ദക്ഷിണേന്ത്യക്കാർക്കും നേരെ വാളെടുക്കുന്ന ഈ മഹാരാഷ്ട്ര പ്രാദേശിക വാദത്തിന്റെ മുനയൊടിക്കുന്നത്. മഹാരാഷ്ട്രക്കാർക്ക് വേണ്ടി സംസാരിക്കുന്നുവെന്ന വ്യാജേന താൻ താങ്കളുടെ താൽപര്യങ്ങൾക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യുന്ന ഇത്തരം തീവ്രവാദികളെ തികച്ചും ഹാസ്യ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നുവെന്നുള്ളതും ഈ സിനിമയുടെ കാഴ്ച നൽകുന്ന വ്യത്യസ്തമായ കാഴ്ചകളിലൊന്നാണ്.
അഞ്ചാം ദിനം ഇറാൻ സിനിമകളുടെ ദിനം കൂടിയായിരുന്നു അഞ്ചാം ദിനത്തിൽ മത്സര വിഭാഗത്തിലടക്കം അഞ്ച് ഇറാൻ ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. മത്സര വിഭാഗത്തിൽ ഇന്നലെ ആദ്യമായി ഉറുദു ചലച്ചിത്രമായ വി ഡോ ഓഫ് സൈലൻസും പ്രദർശിപ്പിച്ചിരുന്നു.